തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റ്‌സ് ലിമിറ്റഡിലെ ജോലി തട്ടിപ്പ് കേസുകള്‍ അന്വേഷിക്കുന്നതിന് ദക്ഷിണമേഖല ഐജി ജി സ്‌പര്‍ജന്‍ കുമാറിന്‍റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
ഒന്‍പത് പേരടങ്ങുന്ന സംഘത്തിനാണ് അന്വേഷണ ചുമതല. തിരുവനന്തപുരം സിറ്റി ജില്ല ക്രൈം റെക്കോഡ്‌സ് ബ്യൂറോ അസിസ്റ്റന്‍റ് കമ്മിഷണര്‍ ജെ കെ ദിനിലാണ് അന്വേഷണ സംഘത്തിന്‍റെ തലവന്‍. ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് കന്‍റോണ്‍മെന്‍റ്, മ്യൂസിയം, പൂജപ്പുര, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള കേസുകള്‍ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും.
കന്‍റോണ്‍മെന്‍റ് എസ്എച്ച്ഒ ബി എം ഷാഫി, കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്‌ടര്‍ ഡി സാബു, പൂജപ്പുര എസ്എച്ച്ഒ ആര്‍ റോജ്, വനിത സ്റ്റേഷന്‍ എസ്എച്ച്ഒ ആശാചന്ദ്രന്‍, സബ് ഇന്‍സ്‌പെക്‌ടര്‍മാരായ പി ഡി ജിജുകുമാര്‍ (മ്യൂസിയം), എസ് എസ് ദില്‍ജിത്ത് (കന്‍റോണ്‍മെന്‍റ്), ആര്‍ അജിത് കുമാര്‍ (മ്യൂസിയം), വി പി പ്രവീണ്‍ (പൂജപ്പുര), എം എ ഷാജി (വെഞ്ഞാറമൂട്) എന്നിവരാണ് സംഘാംഗങ്ങള്‍.