തിരുവനന്തപുരം: താന്‍ കെ.പി.സി.സി പ്രസിഡന്‍റാകുന്നതിന് മുമ്പാണ് ടൈറ്റാനിയത്തില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റിന് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നും അപ്പോള്‍ താന്‍ എങ്ങനെ ഇടപാടില്‍ പങ്കാളിയാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
അന്ന് തെന്നല ബാലകൃഷ്ണപിള്ളയാണ് കെ.പി.സി.സി പ്രസിഡന്റ്. താന്‍ എ.ഐ.സി.സി പ്രവര്‍ത്തക സമിതി അംഗം എന്ന നിലയില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി പ്രതിനിധിയായി പ്രവര്‍ത്തിക്കുകയായിരുന്നു. പാര്ലമെന്റിലോ നിയമസഭയിലോ അപ്പോള്‍ താന്‍ അന്ന് അംഗമായിരുന്നില്ല. പ്ലാന്റിന് ഭരണാനുമതി നല്‍കി 41 ദിവസത്തിന് ശേഷമാണ് താന്‍ കെ.പി.സി.സി പ്രസിഡന്റായി കേരളത്തില്‍ എത്തുന്നത്. പിന്നെ എന്തിന് താന്‍ ഗൂഢാലോചനയില്‍ പങ്കാളിയാകണം. തന്നെ പ്രതിയാക്കി നല്‍കിയ പരാതി സ്റ്റേ ചെയ്‌ത ഹൈക്കോടതി നടപടി ഇപ്പോഴും നിലനില്‍ക്കുയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
പാലാ ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള രാഷ്ട്രീയ കളിയാണിത്. വേങ്ങര ഉപതെരഞ്ഞെടുപ്പ് നടന്നപ്പോഴാണ് സോളാര്‍ കേസ് അന്വേഷണം പ്രഖ്യാപിച്ചത്. ഇനി മറ്റ് അഞ്ച് സ്ഥലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോഴും ഇത്തരം നടപടികള്‍ പ്രതീക്ഷിക്കാം. സംഭവത്തില്‍ ഉമ്മന്‍ചാണ്ടിക്കൊരു പങ്കുമില്ല. അന്വേഷണത്തെ തങ്ങള്‍ ഇരുവരും സ്വാഗതം ചെയ്തിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.