തിരുവനന്തപുരം/കോയമ്പത്തൂര്‍: മന്ത്രിമാരായ വി.എസ് സുനില്‍കുമാറും എ.കെ ശശീന്ദ്രനും തിരുപ്പൂരില്‍ ബസ് അപകടം നടന്ന സ്ഥലത്തേക്ക് തിരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണിത്. അപകട സ്ഥലത്ത് നിന്ന് പരിക്കേറ്റവരേയും മൃതദേഹങ്ങളും കൊണ്ടുവരാന്‍ 20 ആംബുലൻസുകൾ അയച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പത്ത് കനിവ് 108 ആംബുലൻസുകളും പത്ത് മറ്റ് ആംബുലന്‍സുകളുമാണ് അയച്ചത്. പരിക്കേറ്റവരെ കേരളത്തിലെത്തിച്ച് ചികിത്സിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ബസില്‍ നാല്‍പതിലധികം പേരുണ്ടായിരുന്നു. ഇവരില്‍ 19 പേരാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നാട്ടിലെത്തിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാര്‍ നേരിട്ട് ഏകോപിപ്പിക്കും.
രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മറ്റുള്ളവര്‍ പരിക്കേറ്റ് കോയമ്പത്തൂരിന് സമീപത്തെ വിവിധ ആശുപത്രികളിലാണ്. ഇവര്‍ക്ക് ആവശ്യമായ സഹായം എത്തിക്കാനും വൈദ്യം സഹായം വേഗത്തിലാക്കാനും മന്ത്രിമാര്‍ മേല്‍നോട്ടം വഹിക്കും.