തിരുവനന്തപുരം : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര് എന്ന കാര്യത്തില്‍ തീരുമാനമായി. എന്നാല്‍ പേര് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും തീരുമാനം ഹൈക്കമാന്‍ഡ് അറിയിക്കുമെന്നും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ വ്യക്തമാക്കി.
അതേസമയം അന്തരിച്ച പിടി തോമസിൻ്റ, ഭാര്യ ഉമ തോമസ് തന്നെയാണ് സ്ഥാനാർഥിയെന്നാണ് സൂചന. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ്റെ അധ്യക്ഷതയിൽ ഇന്ന് (03.04.22) ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ തര്‍ക്കങ്ങളില്ലാതെ ഐകകണ്‌ഠേനയാണ് സ്ഥാനാർഥിയുടെ പേര് തീരുമാനിച്ചത്.
സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ പ്രതിപക്ഷനേതാവ് വിഡി സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസൻ എന്നീ നേതാക്കള്‍ പങ്കെടുത്തു. വിജയസാധ്യത മാത്രമായിരുന്നു സ്ഥാനാർഥി നിർണയത്തിലെ മാനദണ്ഡം. സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. അങ്ങനെയാണെങ്കില്‍ നാളെ തന്നെ യുഡിഎഫ് പ്രചാരണരംഗത്ത് ഇറങ്ങും.
കഴിഞ്ഞ തവണത്തേക്കാൾ മികച്ച ഭൂരിപക്ഷം ഇത്തവണ നേടുമെന്ന് കെ സുധാകരനും വിഡി സതീശനും യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പിടി തോമസിനോട് മണ്ഡലത്തിന് വൈകാരിക ബന്ധമുണ്ട്. സിൽവർ ലൈൻ ഉൾപ്പടെയുള്ള വിനാശകരമായ വസ്‌തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും വിഡി സതീശൻ പറഞ്ഞു.
ഘടകകക്ഷി നേതാക്കളോടും ആശയവിനിമയം നടത്തിയ ശേഷമാണ് സ്ഥാനാർഥിയുടെ പേര് ഹൈക്കമാൻഡിന് കൈമാറിയത്. സഹതാപ തരംഗം വിജയത്തിന് ഗുണകരമാകില്ലെന്നും സാമുദായിക സന്തുലിതാവസ്ഥയാണ് പരിഗണിക്കേണ്ടതെന്നുമുള്ള ഡൊമനിക് പ്രസൻ്റേഷൻ്റെ അഭിപ്രായം നേതൃയോഗം തള്ളി.