തിരുവനന്തപുരം: വിഴിഞ്ഞം അടിമലത്തുറയില്‍ വളര്‍ത്ത് നായയെ ചൂണ്ടയില്‍ കെട്ടിത്തൂക്കി തല്ലിക്കൊന്നു. അടിമലത്തുറ സ്വദേശിയായ ക്രിസ്‌തുരാജിന്‍റെ ലാബ്രഡോര്‍ ഇനത്തില്‍ പെട്ട ബ്രൂണോ എന്ന നായയെയാണ് ക്രൂരമായി കൊന്നത്. നായയെ മൂന്ന് പേര്‍ ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.
ഇവര്‍ക്കെതിരെ ഉടമ വിഴിഞ്ഞം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും പ്രതികള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സ്റ്റേഷനില്‍ ഹാജരായില്ലെന്നും ആക്ഷേപമുണ്ട്. പതിവുപോലെ കടപ്പുറത്ത് കളിക്കാന്‍ പോയ ബ്രൂണോ കളി കഴിഞ്ഞ് വള്ളത്തിനടിയില്‍ വിശ്രമിക്കുന്ന സമയത്തായിരുന്നു ആക്രമണം. വലിയ മടല്‍ ഉപയോഗിച്ചാണ് നായയെ തല്ലി കൊന്നത്.