തിരുവനന്തപുരം: തലസ്ഥാനത്ത് മൂന്ന് പൊലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. ശ്രീകാര്യം പൊലീസ് സറ്റേഷനിലെ മുന്‍ എസ്‌എച്ച്ഒ അഭിലാഷ് ഡേവിഡ്, ട്രാഫിക് സ്റ്റേഷനിലെ റെജി ഡേവിഡ്, നന്ദാവനം എ ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ ഷെറി എസ് രാജ് എന്നിവരെയാണ് പിരിച്ചുവിട്ടത്. ലൈംഗിക പീഡനക്കേസിലെ അന്വേഷണത്തില്‍ വീഴ്‌ച വരുത്തിയതിനും പീഡനക്കേസില്‍ ഉള്‍പ്പെട്ടതിനുമാണ് മൂന്ന് പേര്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്.
നിലവില്‍ മണല്‍മാഫിയ ബന്ധത്തിന്‍റെ പേരില്‍ സസ്‌പെന്‍ഷനിലായിരുന്നു ശ്രീകാര്യം പൊലീസ് സ്‌റ്റേഷനിലെ മുന്‍ എസ്‌എച്ച്ഒ അഭിലാഷ് ഡേവിഡ്. ഇതിന് പുറമെയാണ് ഇയാള്‍ പീഡന കേസ് അന്വേഷണത്തിലും വീഴ്‌ച വരുത്തിയത്. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലാണ് റെജി ഡേവിഡ് ഉള്‍പ്പെട്ട പീഡന പരാതി രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. അരുവിക്കര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‌ത പീഡന കേസിലും വയോധികയെ മര്‍ദിച്ച കേസിലും ഉള്‍പ്പെട്ടതിനാണ് നന്ദാവനം എ ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ ഷെറിക്കെതിരെ നടപടി സ്വീകരിച്ചത്.
അതേസമയം, ഇന്നലെയും തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. രണ്ട് ഡിവൈഎസ്‌പിമാര്‍ക്കും അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമാണ് ഗുണ്ടാമാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്‍റെ പേരില്‍ കഴിഞ്ഞ ദിവസം സസ്‌പെന്‍ഷന്‍ ലഭിച്ചത്. തിരുവനന്തപുരം റൂറല്‍ ക്രൈം ഡിറ്റാച്മെന്‍റ് ഡിവൈഎസ്‌പി ജോണ്‍സണ്‍ കെ ജെ, വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നിലെ ഡിവൈഎസ്‌പി പ്രസാദ് എം, മംഗലപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയുമാണ് സസ്‌പെന്‍ഡ് ചെയ്‌തത്.
ഗുണ്ടകൾ തമ്മിലെ ഒത്തുതീർപ്പിന് നേതൃത്വം നൽകുക, ഗുണ്ടകളിൽ നിന്ന് സമ്മാനങ്ങളും മറ്റും സ്വീകരിക്കുക തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് ഇവർക്ക് മേൽ കണ്ടെത്തിയത്. സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തരവകുപ്പിന് നൽകിയ ശുപാർശക്ക് മേലാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.