കോഴിക്കോട്: കെ.കെ രമക്കെതിരായ ഭീഷണി കത്ത് അവരെ നിശബ്‌ദയാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രമ സംസാരിക്കുമ്പോൾ നിയമസഭയിൽ മുഴങ്ങുന്നത് ടി.പി ചന്ദ്രശേഖരന്‍റെ ശബ്‌ദമാണ്. അത് സിപിഎമ്മിനെ ഭയപ്പെടുത്തുന്നുണ്ട്. രമയെ ചുറ്റും നിന്ന് കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും വി.ഡി സതീശൻ കോഴിക്കോട് പറഞ്ഞു.
വടകര കസ്റ്റഡി മരണത്തില്‍ കാര്യങ്ങളില്‍ വ്യക്തത വന്ന ശേഷം പ്രതികരിക്കും. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ആന്‍റണി രാജുവിന് എതിരായ കേസിനെ കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
നിയമസഭയില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടതാണ്. മുന്നണിയിൽ ആലോചിച്ച ശേഷം പ്രക്ഷോഭം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കും. മന്ത്രി ചെയ്‌ത തെറ്റ് ഗുരുതരമാണെന്നും ഈ സാഹചര്യത്തില്‍ അദ്ദേഹം മന്ത്രിയായി തുടരരുതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
മന്ത്രിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണം. രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ക്രോസ് വോട്ട് ചെയ്‌തത് ആരാണെന്ന് അറിയില്ല. ഇക്കാര്യം പാര്‍ട്ടി പരിശോധിക്കും. ചിന്തൻ ശിബിരം പാര്‍ട്ടിയിലും മുന്നണിയിലും ഏറ്റവും വലിയ വഴിത്തിരിവാകും. ദീർഘകാല കാര്യങ്ങൾ തീരുമാനിക്കുന്ന വേദിയായി ഇത് മാറും. കോഴിക്കോട് ഡിക്ലറേഷൻ എന്ന നിലയിൽ കോൺഗ്രസിന്‍റെ ഭാവി പ്രവർത്തന പരിപാടി പ്രഖ്യാപനം ചിന്തൻ ശിബിരിന്‍റെ ഭാഗമായി ഉണ്ടാകും.
സ്വർണക്കടത്ത് വന്ന ശേഷം അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഒരു പാട് ശ്രമം സർക്കാർ നടത്തുന്നു. അക്രമം കൊണ്ട് കോൺഗ്രസിനെ തകർക്കാനാവില്ലെന്ന് സിപിഎം മനസിലാക്കണം. സ്വപ്‌ന കേസില്‍ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്നും വി.ഡി സതീശൻ ആവർത്തിച്ചു.
Also Read: പിണറായിക്കെതിരെ പറഞ്ഞാൽ തീർക്കേണ്ടി വരും: കെ.കെ രമയ്‌ക്ക് വധഭീഷണി