തിരുവനന്തപുരം: മാർച്ച് അഞ്ച് മുതല്‍ ലോക്‌ഡൗൺ കാലയളവ് വരെ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വന്നവരും അവരുമായി സമ്പർക്കത്തില്‍ ഏർപ്പെട്ടവരും 14 ദിവസം നിർബന്ധിത നിരീക്ഷണത്തില്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ കാലയളവില്‍ വന്ന് ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ടവർ 28 ദിവസത്തെ നിർബന്ധിത നിരീക്ഷണത്തില്‍ കഴിയേണ്ടതാണെന്നും മുഖ്യമന്ത്രി പ്രസ്‌താവനയില്‍ പറഞ്ഞു.
കൂടാതെ രോഗ ലക്ഷണങ്ങൾ ഉള്ളവരുടെ പരിശോധനഫലം പോസിറ്റീവ് ആകുന്ന പക്ഷം അവരുമായി സമ്പർക്കത്തിലേർപ്പെട്ടവർ 14 ദിവസം കൂടി നിരീക്ഷണത്തില്‍ കഴിയണം. കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചവർ ടെസ്റ്റ് റിസൾട്ട് നെഗറ്റീവായ ശേഷവും 14 ദിവസം നിർബന്ധിത നിരീക്ഷണത്തില്‍ തുടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.