200 കലാപരിപാടികള്‍, 90 സിനിമകളുടെ ഫിലിം ഫെസ്‌റ്റിവല്‍, അന്താരാഷ്ട്ര വിദഗ്‌ധരടക്കം പങ്കെടുക്കുന്ന വിവിധ വിഷയങ്ങളിലെ 25 സെമിനാറുകള്‍, 22 എക്‌സിബിഷനുകള്‍ ഇവയാണ് 67-ാം കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് നടക്കുന്ന കേരളീയം മഹോത്സവത്തിന്‍റെ പ്രധാന പരിപാടികള്‍. കേരളത്തിനെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ചടങ്ങിന്‍റെ അവസാനഘട്ട ഒരുക്കത്തിലാണ് തലസ്ഥാന നഗരി.
നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ തിരുവനന്തപുരം കിഴക്കേക്കോട്ട മുതല്‍ കവടിയാര്‍ വരെയുള്ള സ്ഥലങ്ങളില്‍ 42 വേദികളിലാണ് കേരളീയം ആഘോഷം. ചടങ്ങിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ബുധനാഴ്‌ച (നവംബര്‍ 1) രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, ചലച്ചിത്ര താരങ്ങളായ കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
കേരളീയത്തിലെ മുഖ്യ ആകര്‍ഷണമായ ഫുഡ് ഫെസ്‌റ്റിവലിന്‍റെ ഭാഗമായി മാനവീയം വീഥി മുതല്‍ കിഴക്കേകോട്ട വരെ പതിനൊന്ന് വേദികളിലായി തട്ടുകട മുതല്‍ ഫൈവ് സ്‌റ്റാര്‍ വിഭവങ്ങള്‍ വരെ ഉള്‍പ്പെടുത്തിയ 150 ലധികം സ്‌റ്റാളുകളും ആറ് വേദികളിലായി ഫ്ലവര്‍ ഷോയുമുണ്ട്. മാത്രമല്ല കേരളീയത്തിന്‍റെ പ്രചാരണത്തിന്‍റെ അവസാന ദിനമായ ചൊവ്വാഴ്‌ച തൃശൂരില്‍ നിന്നും വന്ന പുലികളി സംഘം തലസ്ഥാന നഗരിയെ ആവേശം കൊള്ളിച്ചു.
കേരളീയത്തിന്‍റെ ഭാഗമായി നാല് സോണുകളായി തിരിച്ച് ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ശക്തമായ ഗതാഗത നിയന്ത്രണമുള്ളതിനാല്‍ പൊതുജനങ്ങള്‍ക്ക് സുഗമമായി വിവിധ വേദികള്‍ സന്ദര്‍ശിക്കുന്നതിന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഇലക്ട്രിക്ക് വാഹനങ്ങളും സജ്ജമാണ്.