തിരുവനന്തപുരം : ഈ വർഷത്തെ തിരുവോണം ബമ്പർ വില്‍പന സർവകാല റെക്കോർഡിൽ (Thiruvonam bumper sales at all time record). നറുക്കെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ഇതുവരെ 71,23,734 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ആകെ 85,00,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ പുറത്തിറക്കിയത്. കഴിഞ്ഞ വർഷം 67,50,000 ടിക്കറ്റുകളാണ് ആകെ പുറത്തിറക്കിയത്. ഇതിൽ 66,55,914 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.
ഇത്തവണ 500 രൂപയാണ് ടിക്കറ്റ് നിരക്ക്. ആകെ സമ്മാനങ്ങൾ 5,34,670 ആണ്. കഴിഞ്ഞ വർഷം ഇത് 3,97,911 ആയിരുന്നു. പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റ് വില്‍പന നടന്നത്. ഇത്തവണ സമ്മാന ഘടനയിലും മാറ്റമുണ്ട്. 25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 20 കോടി (1 കോടി വീതം 20 പേർക്ക്). മൂന്നാം സമ്മാനം 10 കോടി (50 ലക്ഷം വീതം 20 പേർക്ക്). നാലാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്). അഞ്ചാം സമ്മാനം 20 ലക്ഷം (2 ലക്ഷം വീതം 10 പേർക്ക്).
കഴിഞ്ഞ തവണ ഒന്നാം സമ്മാനം 25 കോടി ആയിരുന്നു. രണ്ടാം സമ്മാനം 5 കോടി ഒരാൾക്ക്, മൂന്നാം സമ്മാനം 1 കോടി വീതം 10 പേർക്ക്, നാലാം സമ്മാനം അവസാന അഞ്ച് അക്കത്തിന് 1 ലക്ഷം, അഞ്ചാം സമ്മാനം 5000 രൂപ എന്നിങ്ങനെയായിരുന്നു സമ്മാനം. സെപ്റ്റംബർ 20 ബുധനാഴ്‌ചയാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ്. തമിഴ്‌നാട് അതിർത്തി മേഖലകളിലും ടിക്കറ്റ് വിൽപ്പന തകർക്കുകയാണ്.
കഴിഞ്ഞ തവണത്തേതിൽ നിന്നും വ്യത്യസ്‌തമായി സമ്മാന ഘടനയിൽ വൻ പൊളിച്ചെഴുത്തുമായാണ് തിരുവോണം ബമ്പർ ഇത്തവണ വിപണിയിലെത്തിയത്. 30 ലക്ഷം ടിക്കറ്റുകളാണ് ആദ്യ ഘട്ടത്തിൽ അച്ചടിച്ചത്. 90 ലക്ഷം ടിക്കറ്റുകളെങ്കിലും വിപണിയിലെത്തിക്കാനാണ് ലോട്ടറി വകുപ്പ് ലക്ഷ്യമിടുന്നത്. അതേസമയം കഴിഞ്ഞ വർഷം 66.5 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞതായാണ് ലഭ്യമാകുന്ന കണക്കുകൾ. തിരുവോണം ബമ്പർ ഭാഗ്യക്കുറി വിൽപ്പനയിൽ ഇക്കുറി റെക്കോർഡ് തിരുത്തുമെന്ന് അധികൃതര്‍ പ്രതീക്ഷിച്ചിരുന്നു. ഇത്തവണ രണ്ടാം സമ്മാനത്തില്‍ മാറ്റവും വരുത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതലാണ് ഇത്തവണത്തെ സമ്മാനത്തുക. 2021ല്‍ 12 കോടിയായിരുന്നു ഓണം ബമ്പറിന്‍റെ ഒന്നാം സമ്മാനം. 300 രൂപയായിരുന്നു ഈ സമയം ടിക്കറ്റ് വില. 2022ലാണ് ബമ്പറിന്‍റെ സമ്മാനത്തുക 25 കോടിയായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. ഓണം ബമ്പറിനെ കൂടുതല്‍ ജനകീയമാക്കുന്നതിന് വേണ്ടിയാണ് സമ്മാന ഘടനയും ടിക്കറ്റ് വിലയും ഉയര്‍ത്തിയതെന്നായിരുന്നു അന്ന് മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രതികരണം.