തിരുവനന്തപുരം: ക്രൈംബ്രാഞ്ച് ഐജി ഇ .ജെ. ജയരാജിനെതിരായ അച്ചടക്ക നടപടി സർക്കാർ റദ്ദാക്കി. പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി റദ്ദാക്കിയത്. ഔദ്യോഗിക വാഹനത്തിൽ മദ്യപിച്ചതിനും പൊതു സ്ഥലത്ത് ബഹളമുണ്ടാക്കിയതിനുമാണ് ജയരാജനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ തീരുമാനിച്ചിരുന്നത്. ഇതേ കാര്യത്തിന് നേരത്തെ ഐ.ജിയെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് ഐജിയുടെ ഡ്രൈവറായിരുന്ന സന്തോഷിനെതിരെയും പൊലീസ് കേസെടുത്തിരുന്നു.
ജയരാജിനെതിരെയുള്ള ആരോപണങ്ങൾ നിലനിൽക്കുന്നതാണെന്നായിരുന്നു എൻ. ശങ്കർ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. എന്നാൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഐജി വിസമ്മതിച്ചതിനെ തുടർന്നാണ് പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ ജയതിലകിനെ ജയരാജിന ഭാഗം കേൾക്കാൻ നിയോഗിച്ചത്. ജയരാജിന്‍റെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ ഡോ. ജയതിലക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടികൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചത്.