തിരുവനന്തപുരം : 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ പി.ആർ.ഡി ഉദ്യോഗസ്ഥൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. പി.ആർ.ഡിയുടെ ഓഡിയോ-വീഡിയോ ഉദ്യോഗസ്ഥനായ ജി.വിനോദ് കുമാറിനെതിരെ പ്രഥമദൃഷ്ട്യാ കേസ് ഉണ്ടെന്ന കാരണത്താലാണ് കോടതി ജാമ്യം നിരസിച്ചത്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ജഡ്‌ജി എം.ബി.സ്‌നേഹലതയുടേതാണ് ഉത്തരവ്.
സർക്കാറിന് വേണ്ടി ഓഡിയോ-വീഡിയോ പ്രോഗ്രാമുകൾ നിർമിച്ചുനൽകുന്ന സ്ഥാപനത്തിന് നൽകാനുള്ള 21 ലക്ഷം രൂപയുടെ ബിൽ മാറാന്‍ മാ-മെഗാ മീഡിയ എന്ന സ്ഥാപന ഉടമയോട് പണം ആവശ്യപ്പെട്ടെന്നാണ് വിജിലൻസ് കേസ്.
Also Read: പ്ലസ് വണ്‍ സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് ആരംഭിച്ചു; പ്രവേശന നടപടികൾ നവംബറില്‍
റേഡിയോ കേരള എന്ന സർക്കാർ ഓൺലൈൻ റേഡിയോയിൽ പരിപാടികൾ ചെയ്‌തുകൊടുത്തതിനാണ് കമ്പനിക്ക് സർക്കാർ 3,75,000 രൂപ നൽകാനുള്ളത്. 2021 മാർച്ച് മുതൽ ഓഗസ്റ്റ് വരെയാണ് പ്രതി റേഡിയോ പരിപാടികൾ കൈകാര്യം ചെയ്‌തത്.
സ്ഥാപന എം.ഡി ഇതേ തുടർന്ന് വിജിലൻസിന് പരാതി നൽകി. തുടർന്ന് വിജിലൻസ് നിർദേശ പ്രകാരം മെഡിക്കൽ കോളജ് പരിസരത്ത് കാറിൽ വന്ന് അഡ്വാൻസായി 25,000 രൂപ വാങ്ങുമ്പോഴാണ് പ്രതിയെ പിടികൂടിയത്. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഉണ്ണികൃഷ്‌ണൻ ചെറുന്നിയൂർ ഹാജരായി.