തിരുവനന്തപുരം: കേരളത്തില്‍ സൂപ്പർ സ്റ്റാർ പദവിയുള്ള പത്ത് നിയോജക മണ്ഡലങ്ങൾ എടുത്താല്‍ അതില്‍ ആദ്യ സ്ഥാനത്തുവരുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. കേരള തലസ്ഥാനത്തിന്‍റെ ഹൃദയം എന്നു പറയാവുന്ന മണ്ഡലം. പക്ഷേ രാവിലെയും വൈകിട്ടും വട്ടിയൂർക്കാവ് കടക്കണമെങ്കില്‍ മണിക്കൂറുകൾ കാത്തു കിടക്കണം. വികസനം വെറുമൊരു പേരാണെന്നും വട്ടിയൂർക്കാവിലെ ഗതാഗതക്കുരുക്കിന് ഒരുകാലത്തും പരിഹാരം ഉണ്ടാകില്ലെന്നുമാണ് ഇവിടെത്തുകാരുടെ ജീവിതാനുഭവം. ദിനംപ്രതി വാഹനങ്ങളുടെ എണ്ണം വർധിക്കുന്നുണ്ട്. പക്ഷേ അതിന് അനുസരിച്ച് വട്ടിയൂർക്കാവ് ജങ്ഷൻ മാത്രം വികസിച്ചില്ല. കുരുക്കഴിക്കാൻ ജങ്ഷന്‍ വികസിപ്പിക്കണമെന്ന ആവശ്യത്തിന് 40 വര്‍ഷത്തോളം പഴക്കമുണ്ട്.
ഓരോ തെരഞ്ഞെടുപ്പ് കാലത്തും ജങ്ഷൻ വികസനം എന്ന മോഹന വാഗ്‌ദാനവുമായി സ്ഥാനാര്‍ഥികളെത്തും. എന്നാൽ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഈ വാഗ്‌ദാനം മറക്കും. പല ബജറ്റുകളിലും ജങ്ഷൻ വകസനത്തിന് തുക വകയിരുത്തിയിട്ടുണ്ട്. പക്ഷേ ആ പണം എവിടെപ്പോയി എന്ന് മാത്രം ആർക്കും അറിയില്ല. അടുത്തിടെ ജങ്ഷൻ വികസനം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരം തുടങ്ങിയിരുന്നു. ഇതേ തുടർന്ന് എംഎല്‍എ വി.കെ പ്രശാന്തിന്‍റെ നേതൃത്വത്തില്‍ ജങ്ഷൻ വികസനത്തിന് പ്രാരംഭ നടപടികള്‍ ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പിന്‍റെ നേതൃത്വത്തിൽ സ്ഥലം അളന്ന് തിട്ടപ്പെടുത്തി അതിര്‍ത്തി കല്ലുകള്‍ സ്ഥാപിച്ചു. 10 കിലോമീറ്ററോളം കല്ലിടല്‍ പൂര്‍ത്തിയാക്കി. സ്ഥലം ഏറ്റെടുക്കുമ്പോള്‍ കടകള്‍ നഷ്‌ടമാകുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കാന്‍ പ്രത്യേകം പദ്ധതിയും തയ്യാറാക്കി. വ്യാപാരികളുടെ പുനരധിവാസം തിരുവനന്തപുരം വികസന അതോറിറ്റിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. മണ്ണറക്കോണത്ത് ഇതിനായി ഭൂമി കണ്ടെത്തിയിട്ടുമുണ്ട്. ഇവിടെ വ്യാപാര സമുച്ചയം നിർമിച്ച് വ്യാപാരികളെ പുനരധിവസിപ്പിക്കാനാണ് ആലോചന.
എന്നാല്‍ ജങ്ഷൻ വികസനം എന്നത് വെറും പ്രചരണം മാത്രമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വികസനം നടന്നുവെന്ന മട്ടിലുള്ള പ്രചരണമാണ് നടത്തുന്നത്. ജനങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന വിധത്തിലുള്ള ഒരു പ്രവര്‍ത്തനവും ആരംഭിച്ചിട്ടില്ല. എല്ലാ വര്‍ഷവും പദ്ധതി ചെലവ് ഉയരുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. ഒറ്റയടിക്ക് എല്ലാം ചെയ്യാതെ ഘട്ടം ഘട്ടമായി ചെയ്യുന്നതാണ് പ്രയോഗികമായ മാര്‍ഗമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. അലൈന്‍മെന്‍റ്, ടെണ്ടര്‍, സാമൂഹികാഘാത പഠനം എന്നിവ ഇതുവരെ നടത്തിയിട്ടില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. അതേസമയം വികസനം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമെ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് ആക്ഷന്‍ കൗണ്‍സില്‍. കൊവിഡിനെ തുടര്‍ന്ന് അവസാനിപ്പിച്ച സമരം പുനഃരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് അവര്‍.
വ്യാപാരികളാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. റോഡിന് വീതിയില്ലാത്തതിനാല്‍ കടയില്‍ എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും ഇടമില്ല. ഭൂമി ഏറ്റെടുക്കാന്‍ അധികൃതർ ഇന്ന് വരും നാളെ വരും എന്ന് കരുതി കടകള്‍ പുതുക്കി പണിഞ്ഞിട്ടില്ല. ശാസ്‌തമംഗലം- മണ്ണറക്കോണം, മണ്ണറക്കോണം- പേരൂര്‍ക്കട, മണ്ണറക്കോണം- വഴയില, മണ്ണറക്കോണം- തോപ്പുമുക്ക്- വട്ടിയൂര്‍ക്കാവ് എന്നീ റോഡുകള്‍ പതിനെട്ടര മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാനും ആലോചനകളുണ്ട്. നിലവില്‍ കിഫ്ബി വഴി 320 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 25 ഏക്കറോളം ഭൂമിയാണ് വികസനത്തിന് ആവശ്യമെങ്കിലും ഭൂമി ഏറ്റെടുക്കലാണ് പ്രധാന പ്രശ്‌നം. എന്നിരുന്നാലും വികസനത്തിന് കല്ലിട്ട് തുടക്കം കുറിച്ചത് പ്രതീക്ഷയോടെയാണ് വ്യാപാരികള്‍ കാണുന്നത്. വർഷങ്ങളായി തങ്ങൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ ഇത്തവണയെങ്കിലും നടന്നുകിട്ടിയാൽ മതി എന്നാണ് അവരുടെ ആഗ്രഹവും.
വട്ടിയൂര്‍ക്കാവ് വില്ലേജ് ഓഫീസിലും പൊലീസ് സ്‌റ്റേഷനിലും അവസ്ഥ സമാനമാണ്. ഇവിടെ എത്തുന്നവരും ദുരിതം അനുഭവിക്കുകയാണ്. കാലപ്പഴക്കത്തില്‍ വില്ലേജ് ഓഫീസ് കെട്ടിടവും തകര്‍ച്ചയുടെ വക്കിലാണ്. വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കുമെന്ന വാഗ്‌ദാനവും വി.കെ. പ്രശാന്ത് എംഎല്‍എ നൽകിയിട്ടുണ്ട്.