തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗത്തെ കോൺഗ്രസ് പിന്തുണച്ചതിൽ പ്രതിഷേധം അറിയിച്ച് ജോസഫ് വിഭാഗം. പ്രതിഷേധത്തിന്റെ ഭാഗമായി പി ജെ ജോസഫ് യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടു നിന്നു. സി എഫ് തോമസും യോഗത്തിന് എത്തിയില്ല. കേരള കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കാൻ ഉഭയകക്ഷി ചർച്ച നടത്തുമെന്ന് യുഡിഎഫ് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള പി ജെ ജോസഫിന്റെ അതൃപ്തി മുന്നണി യോഗത്തിലും ജോസഫ് വിഭാഗം പ്രകടമാക്കി. യോഗത്തിൽ പങ്കെടുത്ത മോൻസ് ജോസഫും ജോയ് എബ്രഹാമും നേതൃത്വത്തെ നേരിട്ട് പ്രതിഷേധം അറിയിച്ചു. കീഴ്വഴക്കങ്ങളുടെ ലംഘനമാണ് നടന്നതെന്ന് ജോയ് എബ്രഹാം കുറ്റപ്പെടുത്തി. എന്നാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് റോഷി അഗസ്റ്റിൻ എംഎല്‍എ നിലപാട് സ്വീകരിച്ചു. കേരള കോൺഗ്രസ് എം പ്രതിനിധിയായി റോഷി അഗസ്റ്റിൻ എംഎൽഎയെ മുന്നണി യോഗത്തിൽ പങ്കെടുപ്പിച്ചതിലും മോൻസ് ജോസഫ് അതൃപ്തി അറിയിച്ചു. അതേസമയം, ഘടക കക്ഷികളുടെ ആഭ്യന്തര തര്‍ക്കങ്ങള്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യരുതെന്ന് നേതൃത്വം നിര്‍ദേശിച്ചു. വ്യക്തിപരമായ അസൗകര്യം മൂലമാണ് പി ജെ ജോസഫ് യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.