തിരുവനന്തപുരം : തെരുവ് നായ ആക്രമണം, യുദ്ധം തുടങ്ങി കാലിക പ്രസക്തമായ വിഷയങ്ങള്‍ ആധാരമാക്കിയുള്ള നാടകങ്ങളാൽ സമ്പന്നമായിരുന്നു തിരുവനന്തപുരം റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന്‍റെ നാലാം ദിനം. പ്രൊഫഷണൽ നാടകങ്ങളോട് കിടപിടിക്കുന്നതായിരുന്നു കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ നാടകങ്ങൾ. മത്സരത്തിൽ ഏറെ ശ്രദ്ധേയമായത് ആറ്റിങ്ങൽ സിഎസ്ഐ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച 'നന്മയുള്ള നായ്ക്കൾ' എന്ന നാടകമാണ്.
കാലിക പ്രസക്തമായ വിഷയം തന്മയത്വത്തോടെയാണ് കുട്ടികൾ അവതരിപ്പിച്ചത്. അനിൽ ആറ്റിങ്ങലാണ് നാടകം സംവിധാനം ചെയ്‌തത്. നൈമിഷികമായ ജീവിതത്തിൽ നിസാര കാര്യങ്ങൾക്കുപോലും മനുഷ്യർക്കിടയിലുണ്ടാകുന്ന കലഹങ്ങൾ, പല രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന യുദ്ധങ്ങൾ തുടങ്ങിയ വിഷയങ്ങൾ വരച്ചുകാട്ടിയ ഗവ.ഹൈസ്കൂൾ പ്ലാവൂരിലെ വിദ്യാർഥികൾ അവതരിപ്പിച്ച 'ഭൂതപ്രദേശ്' എന്ന നാടകവും പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്‍റെ വേറിട്ട അനുഭവം നല്‍കി. ജിജോയാണ് നാടകം സംവിധാനം ചെയ്തത്.
കുടുംബ ബന്ധങ്ങളുടെ വില പാവപ്പെട്ട സുശീലയുടെയും മാതാപിതാക്കളുടെയും കഥയിലൂടെ അവതരിപ്പിച്ച 'കഞ്ഞി' എന്ന നാടകത്തിലൂടെ ഹൈസ്കൂൾ വിഭാഗത്തിൽ വഴുതക്കാട് കാർമൽ ഇഎം ഗേൾസ് എച്ച്എസ്എസിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ഹയർസെക്കന്‍ററിയിൽ ബധിരയും മൂകയുമായ പെൺകുട്ടിയുടെ കഥ അവതരിപ്പിച്ച 'എർത്ത്' എന്ന നാടകമാണ് ഒന്നാം സ്ഥാനം നേടിയത്. വഴുതക്കാട് കാർമൽ ഇഎം ഗേൾസ് എച്ച്എസ്എസിലെ വിദ്യാർഥികളാണ് നാടകം അവതരിപ്പിച്ചത്.