തിരുവനന്തപുരം: കവടിയാറിൽ വ്യവസായിയുടെ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ പ്രതികളെ തിരിച്ചറിഞ്ഞു. കുടപ്പനക്കുന്ന് സ്വദേശികളായ അമ്മയ്ക്കും മകനുമടക്കം മൂന്ന് പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവിനാശ് സുധീർ, അമ്മ ദർശന ജോർജ് ഓണക്കൂർ, തിരിച്ചറിയാത്ത മറ്റൊരാൾ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ഞായറാഴ്‌ച പുലർച്ചെ നാലരയ്ക്കാണ് വ്യവസായിയായ പ്രവീൺ ചന്ദ്രന്‍റെ കവടിയാറിലെ വീടിന് നേരെ ആക്രമണമുണ്ടായത്. കാർ വില്‍പനയുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക തർക്കങ്ങളാണ് ബോംബേറിൽ കലാശിച്ചത്. സ്ഫോടന ശബ്‌ദം കേട്ടെത്തിയ പ്രവീൺ തന്നെയാണ് തീയണച്ചത്.
കാറിലെത്തിയ അക്രമികൾ പെട്രോൾ ബോംബ് എറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. പെട്രോൾ നിറച്ച കുപ്പിയിൽ പടക്കം കെട്ടിവച്ച് തീ കൊളുത്തിയാണ് പ്രവീണിന്‍റെ വീടിന് നേരെ എറിഞ്ഞത്. സ്ഫോടന നിയമ പ്രകാരമാണ് പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
സംഭവ സമയത്ത് ഇവരുടേതെന്ന് കരുതുന്ന കാർ വീടിന് സമീപത്തുകൂടി കടന്ന് പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.