തിരുവനന്തപുരം: മൃഗശാലയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് കാഴ്‌ച വിരുന്നൊരുക്കി പുതിയ അതിഥികളെത്തി. ഹൈദരാബാദ് നെഹ്റു സുവോളജിക്കൽ പാർക്കിൽ നിന്നും ഒരു ജോഡി ഗ്രീൻ ഇഗ്വാനകളെയും പന്നിക്കരടികളെയുമാണ് എത്തിച്ചത്. മൃഗങ്ങളുടെ കൈമാറ്റ വ്യവസ്ഥ അനുസരിച്ചാണ് പുതിയ അതിഥികൾ തലസ്ഥാനത്തെത്തിയത്.
ഇഗ്വാന എത്തുന്നത് ആദ്യമായി
ഗ്രീൻ ഇഗ്വാനകൾക്ക് സ്നേക്ക് പാർക്കിനുള്ളിൽ പ്രത്യേകം സജ്ജമാക്കിയ കൂട് ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക് ഇവയെ കാണാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പഴങ്ങളും, പച്ചക്കറികളുമാണ് പ്രധാന ഭക്ഷണം. തെക്കൻ ബ്രസീൽ, പരാഗ്വേ, വടക്കൻ മെക്സിക്കോ എന്നിവിടങ്ങളിൽ കണ്ടു വരുന്ന ഇഗ്വാനകള്‍ പൊതുവെ ശാന്ത സ്വഭാവക്കാരാണ്. ചൂട് കാലാവസ്ഥയിലാണ് ജീവിക്കുന്നത്. തല മുതൽ വാൽ വരെ 4.9 അടിവരെ നീളത്തിൽ ഇവ വളരും.
പന്നിക്കരടികളെ കാണാൻ കാത്തിരിക്കണം
പന്നിക്കരടികളെ തൽക്കാലം സന്ദർശകർക്ക് കാണാനാകില്ല. പുതിയ ആവാസവ്യവസ്ഥയും, കാലാവസ്ഥയുമായി പരിചിതമാകുന്നതിനായി അവയെ അനിമൽ ഹൗസിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ആദ്യം തുറന്ന കൂട്ടിൽ വിട്ട് നിരീക്ഷിക്കും. തുടർന്നാണ് സന്ദർശകർക്കായി പ്രദർശിപ്പിക്കുന്നതെന്ന് സുവോളജിക്കൽ സൂപ്രണ്ട് ടിവി അനിൽകുമാർ അറിയിച്ചു.
ഏഷ്യൻ കാടുകളിലെവിടെയും പന്നിക്കരടികളെ കാണാം. ഇവ ഏത് കാലാവസ്ഥയിലും ജീവിക്കുന്നവയാണ്. തേൻ, തണ്ണിമത്തൻ തുടങ്ങി പഴവർഗങ്ങളാണ് പ്രധാന ഭക്ഷണമായി നൽകുന്നത്. ചൂട് കൂടുതലായതിനാൽ ജലാംശം കൂടുതലടങ്ങിയ ഭക്ഷണത്തിനാണ് പ്രാധാന്യം നൽകുന്നത്. ഇതിന് പുറമെ ഒരു ജോടി ഹിമാലയൻ കരടികളും മൃഗശാലയിലുണ്ട്.
വരും ദിവസങ്ങളിൽ പുതിയ അതിഥികളെ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. മധ്യപ്രദേശിലെ ഇൻഡോർ മൃഗശാലയിൽ നിന്നും ഒരു ജോഡി സിംഹങ്ങളെയും, ഹനുമാൻ കുരങ്ങുകളെയും എത്തിക്കാനുള്ള നടപടികളും ആരംഭിച്ചു.
ALSO READ 'കുടുംബ ബന്ധങ്ങൾക്ക് പുട്ട് വില്ലൻ'! രസകരമായ ഉത്തരവുമായി മൂന്നാം ക്ലാസ് വിദ്യാർഥി