തിരുവനന്തപുരം: മധ്യവേനലവധിക്കാലം തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ തലസ്ഥാനത്തെ മ്യൂസിയത്തിലേക്ക് ഒഴുകിയെത്തുകയാണ് സഞ്ചാരികള്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഇരട്ടിയാണ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം. മൃഗശാല പരിസരത്തെല്ലാം വാഹനങ്ങളുടെ നീണ്ട നിരയാണ് കാണുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ വരുമാനത്തിലും വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.
ഏപ്രിൽ ഒന്ന് മുതൽ മെയ് 19 വരെ 95.5 ലക്ഷം രൂപയാണ് ടിക്കറ്റ് വരുമാനമായി മ്യൂസിയം ആൻഡ് സൂ വകുപ്പിലൂടെ സർക്കാർ ഖജനാവിലേക്ക് എത്തിയത്. കൃത്യമായി പറഞ്ഞാല്‍ ഏപ്രില്‍ മാസം 55 ലക്ഷം രൂപയും മെയ് മാസത്തില്‍ ഇതുവരെ 40.5 രൂപയുമാണ് വിനോദ സഞ്ചാരികളില്‍ നിന്നും ടിക്കറ്റ് നിരക്കായി ലഭിച്ചിട്ടുള്ള തുക. ഇക്കാലയളവില്‍ 420,000 ത്തോളം പേരാണ് മൃഗശാലയും മ്യൂസിയവും സന്ദർശിച്ചത്.
ഈ രണ്ട് മാസങ്ങളിലുമായി പ്രതിദിനം ശരാശരി 5000ത്തോളം സഞ്ചാരികളാണ് ഇവിടെയെത്തിയത്. ഇത് കേരള ടൂറിസം മേഖലയ്‌ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.
കഴിഞ്ഞ വര്‍ഷം വേനലവധിക്കാലത്ത് ലഭിച്ച വരുമാനത്തില്‍ നിന്ന് വലിയ മാറ്റമാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ ഏപ്രിലില്‍ 29 ലക്ഷം രൂപയും മെയ് മാസത്തില്‍ 48 ലക്ഷം രൂപയുമായിരുന്നു വരുമാനം. 3,64,000 പേരാണ് മ്യൂസിയം സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷത്തിനെ അപേക്ഷിച്ച് 18.5 ലക്ഷം രൂപയുടെ വരുമാനമാണ് ഇത്തവണയുണ്ടായിട്ടുള്ളത്.
ഓണത്തിനും ക്രിസ്‌മസിനും തിരക്കേറിയിരുന്നു: ഇക്കഴിഞ്ഞ സെപ്‌റ്റംബറില്‍ ഓണ അവധിക്കാലത്തും സന്ദര്‍ശകരെത്തിയിരുന്നു. 5000 ത്തില്‍ താഴെയായിരുന്നു ദിനംപ്രതിയുള്ള സന്ദര്‍ശകരുടെ എണ്ണം. 49 ലക്ഷം രൂപയായിരുന്നു സെപ്‌റ്റംബറിലെ വരുമാനം. ക്രിസ്‌മസിനും പുതുവത്സര ആഘോഷത്തിനും ഇതേ സ്ഥിതിയായിരുന്നു. എന്നാല്‍ 54 ലക്ഷം രൂപയാണ് വരുമാനം ലഭിച്ചത്. ഇത്തവണ കുട്ടികളും മുതിര്‍ന്നവരും അടക്കം നിരവധി പേരെത്തിയതാണ് വരുമാനം ഇരട്ടിക്കാന്‍ കാരണമായത്.
പുതിയ അതിഥികളെത്തിയാല്‍ ഇനിയും ജനത്തിരക്കേറും: മൃഗശാലയിലെത്തുന്ന കാണികൾക്ക് കാഴ്‌ച വിരുന്നൊരുക്കാൻ ഈ മാസം അവസാനം പുതിയ അതിഥികളെത്തുന്നുണ്ട്. ഓരോ ജോഡി വീതം സിഹം, മൂന്ന് ജോഡി പന്നികള്‍, കാട്ടുകോഴി, യമു, വെള്ള മയില്‍ എന്നിവയെയാണ് മൃഗശാലയില്‍ എത്തിക്കുന്നത്.
തിരുപ്പതി വെങ്കിടേശ്വര മൃഗശാലയില്‍ നിന്നാണ് ഇവയെ കൊണ്ട് വരുന്നത്. അതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മൃഗങ്ങളുടെ കൈമാറ്റ വ്യവസ്ഥ അനുസരിച്ചാണ് ഇവയെ കേരളത്തിലെത്തിക്കുന്നത്. ഇവയ്‌ക്ക് പകരമായി നാല് കഴുത പുലികൾ, ഒരു ജോഡി ഹിപ്പപ്പൊട്ടാമസ്, മൂന്ന് ജോഡി മാനുകൾ, രണ്ട് ജോഡി സാം ബിയറുകൾ എന്നിവയെ വെങ്കിടേശ്വര മൃഗശാലയിലേക്ക് നല്‍കും.
പുതിയ അതിഥികള്‍ കൂടി മൃഗശാലയിലെത്തുമ്പോള്‍ സന്ദര്‍ശകരുടെ തിരക്ക് വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് മൃഗശാല അധികൃതര്‍.