തിരുവനന്തപുരം: നഗരസഭയുടെ ലൈഫ് പദ്ധതിയുടെയും കാട്ടായിക്കോണം വാർഡിലെ സാംസ്‌കാരിക നിലയത്തിലെ വിവിധ ഉദ്ഘാടനത്തിൽ അനാവശ്യ ധൂർത്ത് നടത്തിയെന്ന പേരിൽ കൗൺസിലിൽ പ്രതിപക്ഷ ഭരണപക്ഷ തർക്കം. ലൈഫ് പിഎംഎവൈ പദ്ധതികളുടെ ഉപഭോക്താക്കളുടെ സംഗമവും നഗരസഭതല ഉദ്ഘാടനത്തിന്‍റെ സ്‌റ്റേജ് ഉൾപ്പെടെയുള്ള അലങ്കാര പണികൾക്കായി 596,530 രൂപയും കാട്ടായിക്കോണത്ത് നടന്ന പരിപാടിയിൽ 270,450 രൂപയുമാണ് ചിലവാക്കിയത്. ഇതിനായി ആദ്യം വിളിച്ച ടെൻഡറിൽ ടെൻഡർ നൽകിയ ശേഷവും ലേലത്തിൽ അയോഗ്യർ പങ്കെടുത്തുവെന്ന് ചൂണ്ടിക്കാട്ടി ടെൻഡർ പൂർണമായും റദ്ദാക്കിയ നടപടിയാണ് പ്രതിപക്ഷ പാർട്ടികൾ പ്രധാനമായും ഉയർത്തിയത്.
ഇഷ്‌ടക്കാർക്ക് ടെൻഡർ ലഭിക്കാനായാണ് കരാർ നൽകിയ ശേഷവും ടെൻഡർ റദ്ദാക്കിയതെന്ന് ബിജെപിയും അനാവശ്യ ധൂർത്തായിരുന്നു ഉദ്ഘാടനമെന്ന് പ്രതിപക്ഷവും ആരോപിച്ചു. എന്നാൽ ഏതെങ്കിലും തരത്തിൽ ടെൻഡർ ഇഷ്‌ടക്കാർക്ക് നൽകിയതായി തെളിവ് കൊണ്ടുവന്നാൽ പൂർണമായും ടെൻഡർ റദ്ദാക്കാമെന്ന് ഡെപ്യൂട്ടി മേയർ പി.കെ രാജു പ്രതികരിച്ചു. നഗരസഭയുടെ ബയോ കമ്പോസ്‌റ്ററും മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ ഇനോകുലവും വാങ്ങുന്ന നടപടിയിൽ വീഴ്‌ചയുണ്ടെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
ബിന്നിലും ക്രമക്കേട്: 2018 ൽ ഐആർടിസിയിൽ നിന്നും കിച്ചൻ ബിനും ഇനോകുലവും വാങ്ങാനുള്ള ആരോഗ്യ കാര്യ സ്‌റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശുപാർശക്കെതിരെ ബിജെപിയുടെയും കോൺഗ്രസിന്‍റെയും കൗൺസിലർമാർ പ്രതിഷേധം ഉയർത്തിയിരുന്നു. 25,000 പുതിയ ബയോകമ്പോസ്‌റ്ററുകൾ വാങ്ങാനായി ക്ഷണിച്ച കരാർ ആദ്യം ലഭിച്ചത് റാം ബയോളജിക്കൽ എന്ന കമ്പനിക്കാണ്. ഇതേ കമ്പനിയെ സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത് കണക്കിലെടുത്ത് കരാർ ലഭിച്ച കമ്പനികളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഐആർടിസി എന്ന കമ്പനിക്ക് പുതിയ കരാർ നൽകാന്‍ നിർദേശം നൽകുകയായിരുന്നു. എന്നാല്‍ കൃത്യമായി കിച്ചൻ ബിന്നുകൾ എത്തിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ തവണ കരാറിൽ നിന്നും ഒഴിവാക്കിയ കമ്പനിയാണ് പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐആർടിസി.
എന്നാല്‍ നഗരസഭയിലെ പൂജപ്പുര, തിരുമല, മണക്കാട്, ശ്രീകണ്‌ഠേശ്വരം വാർഡുകളിലെ ഹെൽത്ത് ഓഫിസുകളിൽ കഴിഞ്ഞ തവണ വാങ്ങിയ കിച്ചൻ ബിന്നുകൾ കെട്ടികിടക്കുന്നുവെന്ന് അതാത് വാർഡുകളിലെ കൗൺസിലർമാർ പരാതി ഉയർത്തി. ഒരു കിച്ചൻ ബിന്നിന് 1,525 രൂപയാണ് ഐആർടിസി ഈടാക്കുന്നത്. എന്നാൽ 2017 ൽ 1,500 രൂപയ്ക്കായിരുന്നു മറ്റൊരു കമ്പനിയിൽ നിന്നും കിച്ചൻ ബിൻ നഗരസഭ വാങ്ങിയിരുന്നത്. അന്ന് വാങ്ങിയ കിച്ചൻ ബിന്നുകൾ തന്നെ പലയിടത്തും കെട്ടികിടക്കുമ്പോൾ പുതിയ ബിന്നുകൾ വാങ്ങാനുള്ള ശുപാർശ അനാവശ്യ ചിലവാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.
3.18 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. ബിൻ ഒന്നിന് 25 രൂപയുടെ അധിക ചിലവ് കണക്ക് കൂട്ടുമ്പോൾ ഈ ഇനത്തിൽ 625000 രൂപയാണ് നഗരസഭയ്ക്ക് അധിക ചിലവാകുന്നത്. ഐആർടിസിക്ക് കരാർ ലഭിക്കാനായി വിളിച്ച ലേലത്തിലും വീഴ്‌ചയുണ്ടെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. ഇ ടെൻഡർ ക്ഷണിച്ച് കൂടുതൽ സുതാര്യമായി ടെൻഡർ നടപടി പൂർത്തിയാക്കാനും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. അതേസമയം ശുചിത്വ മിഷൻ അംഗീകാരം നൽകിയ ഏഴ് ഏജൻസികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കമ്പനിക്കാണ് കരാർ നൽകിയതെന്നാണ് വിഷയത്തിൽ മേയർ ആര്യ രാജേന്ദ്രൻ പ്രതികരിച്ചത്.