തിരുവനന്തപുരം : മറുനാടൻ മലയാളിയുടെ ഓഫിസ് പൂട്ടാൻ നിര്‍ദേശിച്ച് തിരുവനന്തപുരം നഗരസഭ നോട്ടിസ് നൽകി. ആരോഗ്യവിഭാഗമാണ് നോട്ടിസ് നൽകിയത്. കെട്ടിടത്തിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കെട്ടിടത്തില്‍ അനുമതിയില്ലാതെ മാറ്റം വരുത്തിയതും ഭക്ഷണം പാകം ചെയ്യുന്നതും ചോദ്യം ചെയ്‌തുകൊണ്ടായിരുന്നു ആരോഗ്യവിഭാഗത്തിന്‍റെ നോട്ടിസ്. അനധികൃത നിര്‍മാണം നടത്തിയില്ലെന്നും എന്നാല്‍ അനുമതിക്ക് അപേക്ഷിച്ചിട്ടുണ്ടെന്നുമുള്ള വൈരുദ്ധ്യമാര്‍ന്ന മറുപടിയെ തുടര്‍ന്നാണ് അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ആരോഗ്യ വകുപ്പിന്‍റെ രണ്ടാമത്തെ നോട്ടിസ് എത്തുന്നത്.
ഏഴ് ദിവസത്തിനകം ഓഫിസ് പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഈ മാസം പത്തിനാണ് നോട്ടിസ് നൽകിയത്. ഓഫിസ് അടച്ചുപൂട്ടിയതിന് ശേഷം നഗരസഭയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. കെട്ടിടം സംബന്ധിച്ച് ക്രമമാറ്റം വരുത്തിയെന്ന് നോട്ടിസിൽ പറയുന്നു.
തിരുവനന്തപുരം പട്ടത്ത് ഒരു കെട്ടിടത്തിന്‍റെ നാലാം നിലയിലാണ് മറുനാടൻ മലയാളിയുടെ ഓഫിസ് പ്രവർത്തിക്കുന്നത്. ക്രമം മാറ്റിയത് എന്തുകൊണ്ടാണെന്ന് ചൂണ്ടിക്കാട്ടി മറുനാടൻ, നഗരസഭ നോട്ടിസ് നൽകുന്നതിന് മുൻപ് തന്നെ വിശദീകരണം നൽകിയതായാണ് വിവരം. കെട്ടിടം രൂപമാറ്റം വരുത്തിയതിന്‍റെ വിവരങ്ങളും വിശദീകരണത്തിൽ ഉൾപ്പെടുത്തി.
![thiruvananthapuram muncipality muncipality issued notice to marunadan marunadan malayali shut down office marunadan shajan skariya p v sreenijan mla p v anwar മറുനാടന്‍ മലയാളി നോട്ടീസ് നല്‍കി നഗരസഭ അനുമതി ഇല്ലാതെ മാറ്റങ്ങൾ വരുത്തി തിരുവനന്തപുരം നഗരസഭ ഹെൽത്ത് പിവി ശ്രീനിജന്‍ പി വി അന്‍വര്‍ തിരുവനന്തപുരം](https://etvbharatimages.akamaized.net/etvbharat/prod-images/17-07-2023/19022391-_sdfd.jpg)
നോട്ടിസ് നല്‍കിയത് നഗരസഭ ആരോഗ്യ വിഭാഗം : എന്നാൽ, മറുനാടൻ മലയാളി നൽകിയ വിശദീകരണം തൃപ്‌തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭയുടെ ആരോഗ്യ വിഭാഗം കെട്ടിടം ഒഴിയാൻ നോട്ടിസ് നൽകിയിരിക്കുന്നത്. ഇത് കൈപ്പറ്റി ഏഴ് ദിവസത്തിനകം ഒഴിഞ്ഞില്ലെങ്കിൽ 1994ലെ കേരള മുനിസിപ്പൽ ആക്‌ട് 447 വകുപ്പിന്‍റെ ലംഘനമായി കണ്ട് നടപടി സ്വീകരിക്കുമെന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നത്.
പി വി ശ്രീനിജൻ എംഎൽഎക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മറുനാടന്‍ മലയാളിയുടെ തിരുവനന്തപുരത്തെ പട്ടം ഓഫിസിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി 29 കമ്പ്യൂട്ടറുകൾ, ക്യാമറകൾ, ലാപ്ടോപ്പുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തിരുന്നു. മാത്രമല്ല, സംസ്ഥാനത്ത് പലയിടത്തും മറുനാടൻ മലയാളിയുടെ ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് പരിശോധന തുടരുന്നതിന്‍റെ ഭാഗമായാണ് തലസ്ഥാനത്തെ ഓഫിസിലെ റെയ്‌ഡ്.
എന്നാല്‍, തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയപ്രേരിതമാണെന്നും പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും വാദിച്ച് ഷാജൻ സ്‌കറിയ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. ഇതോടെ ഷാജൻ സ്‌കറിയ ഒളിവില്‍ പോയിരുന്നു. സെൻട്രൽ എസി പി ജയകുമാറിന്‍റെ നേതൃത്വത്തിൽ ഈ മാസം ആദ്യം മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്‍റെ ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും റെയ്‌ഡ് നടത്തിയിരുന്നു.
പരിശോധന പിവി ശ്രീനിജനെതിരെ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് : എറണാകുളം മരോട്ടിചോടിലെ ഓഫിസിലും മൂന്ന് റിപ്പോർട്ടർമാരുടെ വീടുകളിലുമായിരുന്നു മിന്നൽ പരിശോധന നടത്തിയത്. ഓഫിസിലെ കമ്പ്യൂട്ടർ, ലാപ്ടോപ് എന്നിവയും ജീവനക്കാരുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുക്കുകയും ചെയ്‌തു. എഡിറ്റർ ഷാജൻ സ്‌കറിയയെ കണ്ടെത്താനും, പിവി ശ്രീനിജൻ എംഎൽഎയ്ക്ക് എതിരായ വ്യാജ വാർത്തയുടെ ഉറവിടം തിരിച്ചറിയാനുമായാണ് പരിശോധന നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജൻ നൽകിയ പരാതിയിൽ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്‌കറിയക്കെതിരെ എളമക്കര പൊലീസാണ് കേസെടുത്തത്. എംഎൽഎക്കെതിരെ വ്യാജവാർത്ത നൽകിയതിലും പട്ടികജാതി അതിക്രമം തടയൽ നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഷാജൻ സ്‌കറിയ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും ജില്ല കോടതിയും, ഹൈക്കോടതിയും തള്ളുകയായിരുന്നു. എന്നാല്‍ സുപ്രീംകോടതി അറസ്റ്റിന് സ്റ്റേ നല്‍കി.