തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സയ്ക്കായി 1400 കിടക്കകൾ കൂടി സജ്ജമാക്കി. ഇതിൽ 1100 കിടക്കകൾ മെഡിക്കൽ കോളജ് ആശുപത്രിയിലും 300 കിടക്കകൾ എസ്എടി ആശുപത്രിയിലുമാണ് തയ്യാറാക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
ALSO READ: സ്വകാര്യ ആശുപത്രികള്‍ 25 ശതമാനം കിടക്കകള്‍ മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി
നിലവിൽ 486 കിടക്കകളാണ് കൊവിഡ് ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ നീക്കിവച്ചിരുന്നത്. ഐസിയു കിടക്കളുടെ എണ്ണം 200 ആക്കി ഉയർത്തും. ഇതിൽ 130 എണ്ണത്തിൽ വെന്‍റിലേറ്റർ സൗകര്യം ഉണ്ടായിരിക്കും. ഓക്‌സിജൻ കിടക്കകളുടെ എണ്ണം 227 ൽ നിന്ന് 425 ആയും ഉയർത്തും. കൊവിഡിതര ചികിത്സയ്ക്ക് 450 കിടക്കകൾ ഉണ്ടാകും. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ എല്ലാം മാറ്റി വയ്ക്കും. ഗുരുതരമല്ലാത്ത രോഗികളെ ജനറൽ ആശുപത്രിയിലേക്കും തൈക്കാട് ആശുപത്രിയിലേക്കും മാറ്റും. കാസ്‌പ് കാർഡുള്ള രോഗികൾക്ക് കാസ്‌പ് അംഗീകാരമുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറാമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ALSO READ: സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഇന്നും തുടരും
കൊവിഡ് കിടക്കകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ 150 നഴ്സുമാരെയും 150 ക്ലീനിങ് സ്റ്റാഫിനെയും എൻഎച്ച്എം വഴി അടിയന്തരമായി നിയമിക്കും. ഒഫ്ത്താൽമോളജി, റെസ്പിറേറ്ററി മെഡിസിൻ വിഭാഗങ്ങളിലെ ജിവനക്കാരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ നിയമിക്കും. പുതിയ ഉപകരണങ്ങൾക്ക് പുറമെ മറ്റ് ആശുപത്രികളിൽ ഉപയോഗിക്കാതെ കിടക്കുന്ന ഉപകരണങ്ങളും മെഡിക്കൽ കോളജിലേക്ക് മാറ്റുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.