തിരുവനന്തപുരം: കോർപ്പറേഷനിൽ മേയർ നേരിട്ടd ജനങ്ങളുടെ പരാതി സ്വീകരിക്കുന്ന പരിപാടി വെള്ളിയാഴ്‌ച (05.08.2022) മുതൽ. തുടർച്ചയായി നഗരസഭയിലെ വിവിധ പദ്ധതികളിൽ ക്രമക്കേടുകൾ കണ്ടെത്തുകയും അഴിമതിയാരോപണങ്ങൾ ഉയരുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് ശുദ്ധികലശത്തിനുള്ള ശ്രമമെന്ന തരത്തിൽ പരാതി പരിഹാരത്തിനുള്ള നീക്കം. കോർപ്പറേഷൻ്റെ 11 സോണുകളിലും മേയറും ഉദ്യോഗസ്ഥരും സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരും നേരിട്ട് പരാതികൾ സ്വീകരിക്കും.
ശ്രീകാര്യം സോണൽ ഓഫീസിൽ വെള്ളിയാഴ്‌ച (05.08.2022) രാവിലെ 10ന് ആണ് ഉദ്ഘാടനം. 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും.
പൊതുജനങ്ങള്‍ക്ക് നഗരസഭയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും നേരിട്ട് നൽകാം.
പരാതി നല്‍കുന്ന ആളിന്‍റെ പേരും മേൽവിലാസവും ബന്ധപ്പെടാനുള്ള ഫോൺ നമ്പരും നിർബന്ധമായും ഉണ്ടാകണം. പരാതികളിന്മേൽ സ്വീകരിച്ച നടപടികൾ സമയബന്ധിതമായി പരാതിക്കാരെ അറിയിക്കും. ആദ്യഘട്ടത്തില്‍ സോണല്‍ ഓഫീസുകളിലും രണ്ടാം ഘട്ടത്തില്‍ എല്ലാ വാര്‍ഡുകളിലും മേയറുടെ നേതൃത്വത്തില്‍ നേരിട്ട് പരാതി പരിഹാരസംവിധാനം ഉണ്ടായിരിക്കും.
വിവിധ സോണുകളിലെ സമയക്രമം:
ശ്രീകാര്യം-5.08.2022
വിഴിഞ്ഞം-10.08.2022
നേമം -12.08.2022
വട്ടിയൂർക്കാവ്-17.08.2022
തിരുവല്ലം -19.08.2022
കുടപ്പനക്കുന്ന്-23.08.2022
ഫോർട്ട്-25.08.2022
ഉള്ളൂർ -27.08.2022
ആറ്റിപ്ര -29.08.2022
കഴക്കൂട്ടം -15.09.2022
കടകംപള്ളി -16.09.2022
"നഗരസഭ ജനങ്ങളിലേക്ക്" എന്ന പേരിലാണ് പരിപാടി. ഒരു മാസത്തിനുള്ളിൽ പരാതി പരിഹരിക്കുകയാണ് ലക്ഷ്യം. പദ്ധതി വിജയിപ്പിക്കാൻ പൊതുജനങ്ങൾ പിന്തുണയ്ക്കണമെന്ന് മേയർ ആര്യ രാജേന്ദ്രൻ അഭ്യർത്ഥിച്ചു.