തിരുവനന്തപുരം : ആര്യനാട് 26 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാള്‍ കൂടി അറസ്റ്റില്‍. വസ്തു ഇടപാടിനായി വട്ടിയൂർക്കാവ് സ്വദേശി കൊണ്ടുവന്ന പണം കൈവശപ്പെടുത്തിയ സംഘത്തിലെ രണ്ടാം പ്രതി ആര്യനാട് വിഷ്ണു നഗർ ഹൗസിങ് ബോർഡ് കോളനിയിൽ ലുട്ടാപ്പി എന്ന അനീഷ് (34) ആണ് പിടിയിലായത്.
ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. രണ്ടാഴ്ച മുൻപ് വസ്തു കച്ചവടത്തിനായി വിളിച്ചുവരുത്തി വട്ടിയൂർക്കാവ് സ്വദേശി സുധീർ ജനാർദനിൽ നിന്ന് എട്ടംഗ സംഘം 26 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
ആറ് ലക്ഷം മുൻകൂർ ആയും 20 ലക്ഷം സംഭവ ദിവസവുമാണ് തട്ടിയെടുത്തത്. നെടുമങ്ങാട് വാളിക്കോടുള്ള സ്ഥലം വിൽപനയ്ക്കുണ്ടെന്ന് പറഞ്ഞാണ് സുധീർ ജനാർദനനെയും ഇടനിലക്കാരനായ ഷിജു ഗോപനെയും ആര്യനാട് പുളിമൂട്ടിൽ ഉള്ള ഒരു വീട്ടിലേക്ക് സംഘം വിളിച്ചുവരുത്തിയത്.
തുടർന്ന് ഇവരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ സംഘം 20 ലക്ഷം രൂപയും മറ്റ് രേഖകളും കവർന്ന് കാറിലും ബൈക്കിലുമായി രക്ഷപ്പെട്ടു. ആര്യനാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോട്ടയ്ക്കകം കല്ലുപാലം സ്വദേശിയായ അഖിൽജിത്തിനെയും, പുളിമൂട് സ്വദേശിയായ ശ്രുതി, പുളിമൂട് സ്വദേശിയായ ശ്രീലാൽ, കുളപ്പട സ്വദേശി ഷിജിൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
also read:ആത്മീയ ചികിത്സയുടെ മറവിൽ പീഡനം ; യുവാവ് അറസ്റ്റിൽ
ഇവരിൽ നിന്നും കിട്ടിയ വിവരം അനുസരിച്ചും ടവർ ലോക്കഷൻ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലുട്ടാപ്പി അനീഷ് അറസ്റ്റിലായത്.
കാട്ടാക്കട ഡി വൈ എസ് പി പ്രശാന്തിന്റെ നേതൃത്വത്തിൽ ആര്യനാട് സിഐ എൻ ആർ ജോസ്, എസ്.ഐ ശ്രീലാൽ ചന്ദ്രശേഖരൻ, പൊലീസുകാരായ മനോജ് കുമാർ, സജി, വിനു, അനൂപ്, രാജേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.