തിരുവനന്തപുരം: ഡോക്‌ടര്‍ വന്ദന ദാസിന്‍റെ കൊലപാതകം സർക്കാർ സ്‌പോൺസേർഡ് കൊലപാതകമെന്നത് വ്യക്തമാണെന്ന് ആരോപിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. ആരോഗ്യ വകുപ്പിന്‍റെയും പൊലീസിന്‍റെയും ഗുരുതരമായ വീഴ്‌ചയും അനാസ്ഥയും മൂലമാണ് വന്ദന ദാസ് കൊല്ലപ്പെട്ടത്. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച 'മെഡിക്കോ സ്‌പീക്‌സ്' എന്ന പരിപാടി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്, വന്ദന ദാസിന്‍റെ കൊലപാതകത്തെ ലഘൂകരിച്ച് കാണാനും സർക്കാരിന്‍റേയും ആരോഗ്യവകുപ്പിന്‍റേയും ഭാഗത്ത് വീഴ്‌ചയില്ലെന്ന് പറഞ്ഞ് കൈകഴുകാനുമാണ് ശ്രമിച്ചതെന്നും കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി. ആരോഗ്യമന്ത്രിയുടെ പദവിക്ക് യോജിച്ച പ്രസ്‍താവനയാണോ അവര്‍ നടത്തിയത്. രാത്രികാലങ്ങളിൽ ഹൗസ് സർജൻസി ചെയ്യുന്ന പെൺകുട്ടികളെ സർക്കാരിന്‍റെ താലൂക്ക് ആശുപത്രികളിലും ജില്ല ആശുപത്രികളിലും ഡ്യൂട്ടിക്കായി നിയോഗിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹവും മനുഷ്യാവകാശ ലംഘനവുമാണെന്നും എംപി ചുണ്ടിക്കാട്ടി.
'ഉത്തരവാദി സർക്കാരും ആരോഗ്യവകുപ്പും': വന്ദന ദാസിനെ പ്രതി നിരവധി തവണ കുത്തിയപ്പോൾ അക്രമിയെ പിന്തിരിപ്പിക്കാനോ തടയാനോ വന്ദനയുടെ ജീവൻ രക്ഷിക്കാനോ ഒരു സംവിധാനവും ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. ഇതിന് ഉത്തരവാദി സർക്കാരും ആരോഗ്യവകുപ്പുമാണ്. സംഭവത്തിൽ ആരോഗ്യ വകുപ്പിനെതിരെ രൂക്ഷ വിമർശനങ്ങളാണ് കൊടിക്കുന്നിൽ സുരേഷ് ഉന്നയിച്ചത്. ഒരു താലൂക്ക് ആശുപത്രിയിൽ ഉണ്ടാകേണ്ട മിനിമം സെക്യൂരിറ്റി പോലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ | ജോലിക്കിടെ വനിത ഡോക്‌ടറെ കുത്തിക്കൊന്നു; ആക്രമിച്ചത് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി
കോൺസ്റ്റബിളിന്‍റെ നേതൃത്വത്തിൽ അക്രമിയും മയക്കുമരുന്നിന് അടിമയുമായ ഒരു പ്രതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ടുവരുമ്പോൾ കൂടുതൽ പൊലീസുകാരെ നിയോഗിക്കണമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ അധ്യക്ഷത വഹിച്ചു.
സംഭവം മെയ് ഒന്‍പതിന് പുലർച്ചെ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്‌ടറായ വന്ദന ദാസ് മെയ് ഒന്‍പതിനാണ് കുത്തേറ്റ് മരിച്ചത്. പുലർച്ചെ നാല് മണിയോടെയാണ് കൊല്ലം കൊട്ടാരക്കരയില്‍ സംഭവം. കോട്ടയം സ്വദേശിനിയാണ് മരിച്ച ഡോ. വന്ദന ദാസ് (23). ആശുപത്രിയിലെ കത്രിക ഉപയോഗിച്ചാണ് യുവാവ് അക്രമം നടത്തിയത്. ഡോക്‌ടർക്ക് നെഞ്ചിലും കഴുത്തിലുമടക്കം അഞ്ചിലധികം തവണ കുത്തേറ്റിരുന്നു.
സംഭവത്തില്‍ കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. സന്ദീപ് വീട്ടിൽ വച്ച് അതിക്രമം നടത്തിയതിനെത്തുടർന്ന് ബന്ധുക്കളാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമം.
ഇയാളുടെ കാലിൽ മുറിവുണ്ടായിരുന്നു. ഇത് ചികിത്സിക്കാനായാണ് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തിയ പ്രതി അക്രമാസക്തനാവുകയും അവിടെയുണ്ടായിരുന്നു കത്രിക കൈക്കലാക്കി ഡോക്‌ടറെയും പൊലീസുകാരെയുമടക്കം ആക്രമിക്കുകയുമായിരുന്നു.
ആക്രമണത്തില്‍ ഡോക്‌ടറുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റു. ഉടൻ തന്നെ ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആക്രമണത്തില്‍ ഡോക്‌ടറും പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പേർക്ക് കുത്തേറ്റിരുന്നു.