തിരുവനന്തപുരം : ആരോഗ്യ രംഗത്ത് ഏറെ മുന്നിലാണെന്ന് കൊട്ടിഘോഷിക്കുന്ന സമയത്തും തിരുവനന്തപുരം ജനറല്‍ ഹോസ്‌പിറ്റലും പരിസരവും കടന്ന് പോകുന്നത് ദുസഹമായ അവസ്ഥയിലൂടെയെന്ന് വെളിവാക്കുന്ന ദൃശ്യങ്ങളുമായി ഇടിവി ഭാരത്. ആശുപത്രിയുടെ ശുചിത്വവും സൗകര്യങ്ങളും സംബന്ധിച്ച് നിരവധി പരാതികള്‍ നല്‍കിയെങ്കിലും അധികൃതരുടെ കണ്ണുകള്‍ ഇവിടെ എത്തിയിട്ടില്ല എന്നതിന്‍റെ തെളിവാണ് ഈ കാഴ്‌ചകള്‍.
പുറമെ ഭംഗിയുള്ള ചുവര്‍ ചിത്രങ്ങളും മനോഹരമായ മതിലുകളും, അകത്തു എത്തിയാല്‍ ദുരിത ലോകം. വെളിച്ചമില്ലാത്തതും വൃത്തിഹീനവുമായ ശൗചാലയങ്ങള്‍, മരകഷണം കുത്തി നിറച്ച പൈപ്പ് കണക്ഷന്‍, അടച്ച് വെക്കാത്ത വേസ്റ്റ് പൈപ്പുകള്‍, ഇതാണ് ജനറല്‍ ആശുപത്രിയുടെ പരിസരം. പകര്‍ച്ച വ്യാധികളടക്കം മാരക രോഗങ്ങളുള്ളവര്‍ വരെ എത്തുന്ന ആശുപത്രിയില്‍ രോഗങ്ങള്‍ മാറുന്നതിനു പകരം പുതിയ രോഗം പകരുമോ എന്ന ആശങ്കയാണ് രോഗികള്‍ക്ക്.
ആശുപത്രിയുടെ ലാബിന് സമീപമുള്ള ടോയ്‌ലറ്റിലെ അവസ്ഥയാണ് ഏറെ ദുസഹം. ദിനം പ്രതി ആയിരത്തോളം രോഗികളാണ് പരിശോധനയ്ക്കായി ഇവിടെ എത്തുന്നത്. ഇടവിട്ട് മഴ പെയ്യുന്ന കാലമായതിനാലും പകര്‍ച്ച വ്യാധികള്‍ വ്യാപിക്കുന്നതിനാലും രോഗികളുടെ എണ്ണം ഇപ്പോള്‍ കൂടുതലുമാണ്. ഇവര്‍ക്ക് ആകെ നാല് ടോയ്‌ലറ്റുകള്‍ മാത്രം. മൂന്നെണ്ണം പുരുഷന്‍മാര്‍ക്ക് ഒരെണ്ണം സ്ത്രീകള്‍ക്ക്. നാലും ശുചിത്വത്തില്‍ ഒന്നിനൊന്നു പിന്നില്‍. മതിയായ വെളിച്ചമില്ല, വെള്ളത്തിന് സൗകര്യവുമില്ല.
പരിസരം വൃത്തിയായി സൂക്ഷിക്കുക എന്ന ബോര്‍ഡ് എഴുതിവെച്ച ഈ ആശുപത്രിയുടെ പിന്‍ഭാഗത്തേക്ക് പോയാല്‍ കത്തിക്കാന്‍ കൂട്ടിയിട്ടതില്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളും കാണാം. മാലിന്യം പോകുന്ന ഓടകളില്‍ പുല്ലു നിറഞ്ഞ് ഒഴുക്കു തടസപ്പെട്ട നിലയില്‍. ജനറല്‍ വാര്‍ഡിന് സമീപമുള്ള ഓടകളുടെ അവസ്ഥയും ഇതൊക്കെ തന്നെ.
പരിസര ശുചിത്വത്തിന് പുറമേ ആശുപത്രിയിലെ സൗകര്യങ്ങളും പരിതാപകരമായ അവസ്ഥയിലാണ്. വിശാലമായ ഫാര്‍മസി ഇല്ലാത്തതും തുരുമ്പെടുത്തതും പൊളിഞ്ഞതുമായ കസേരകളുമടക്കമുള്ള അസൗകര്യങ്ങൾ ആശുപത്രിയില്‍ ഉണ്ട്. ആശുപത്രിയിലെ പല ആധുനിക സജ്ജീകരണങ്ങളും പേരില്‍ അവസാനിക്കും.
പാമ്പ് വളർത്തൽ കേന്ദ്രമായി ആശുപത്രികൾ : ഇക്കഴിഞ്ഞ ജൂണിൽ മലപ്പുറം പെരിന്തൽമണ്ണയിലെ ജില്ല ആശുപത്രിയിൽ നിന്ന് പത്തിലധികം മൂർഖൻ പാമ്പിന്‍റെ കുഞ്ഞുങ്ങളെ പിടികൂടിയിരുന്നു. ആശുപത്രിയിലെ സർജിക്കൽ വാർഡിൽ നിന്നും വരാന്തയിൽ നിന്നുമാണ് പാമ്പുകളെ പിടികൂടിയത്. കൂടുതൽ പാമ്പുകൾ ഉണ്ടായേക്കാമെന്ന സാധ്യത കണക്കിലെടുത്ത് സർജിക്കൽ വാർഡ് താത്‌കാലികമായി അടച്ച് പൂട്ടിയിരുന്നു.
കാട് പിടിച്ച നിലയിലാണ് സർജിക്കൽ വാർഡിന്‍റെ പിൻവശം. ഇവിടെ നിന്ന് പാമ്പുകൾ എത്തിയതായാണ് നിഗമനം. ആശുപത്രിയിലെ അടച്ചിട്ടിരിക്കുന്ന ഓപ്പറേഷൻ വാർഡിലും പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. ആശുപത്രിയുടെ വരാന്തയിലും പരിസരത്തും നിരവധി മാളങ്ങളുമുണ്ട്. പാമ്പിനെ കണ്ടെത്തിയതോടെ ഇവയെല്ലാം അടയ്‌ക്കാനുള്ള നടപടികൾ ആശുപത്രി അധികൃതർ ആരംഭിച്ചിരുന്നു.
കൂട്ടിരിക്കാനെത്തിയ സ്‌ത്രീക്ക് പാമ്പുകടി : ജൂണിൽ തന്നെ കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. ചെമ്പേരി സ്വദേശി ലതയ്ക്കാണ് മാരക വിഷമുള്ള അണലിയുടെ കടിയേറ്റത്. വാടക കൊടുത്ത് ഉപയോഗിക്കുന്ന പേ വാർഡിൽ വച്ചാണ് ലതയ്ക്ക് അണലിയുടെ കടിയേറ്റത്.