തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെ ലൈംഗിക ശേഷി പരിശോധനയ്‌ക്ക് വിധേയനാക്കി ക്രൈംബ്രാഞ്ച്. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചുളള ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് എംഎല്‍എ ക്രൈംബ്രാഞ്ചിന് മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ശേഷമാണ്, തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ലൈംഗികശേഷി പരിശോധന നടത്തിയത്.
സോമതീരം റിസോര്‍ട്ടില്‍ തെളിവെടുപ്പ്: എംഎല്‍എ മര്‍ദിച്ചുവെന്ന് ആരോപിച്ച കോവളത്തിന്‍റെ വിവിധ ഇടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോവളം ഗസ്റ്റ് ഹൗസിലും സൂയിസൈഡ് പോയിന്‍റിലുമെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്ന സോമതീരം റിസോര്‍ട്ടിലും തെളിവെടുപ്പ് നടത്തി.
10 ദിവസം ക്രൈംബ്രാഞ്ചിന് മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് എല്‍ദോസിന് കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. അതിനിടെ ഒരു മുന്‍കൂര്‍ ജാമ്യ ഹര്‍ജി കൂടി എല്‍ദോസ് കോടതിയില്‍ നല്‍കി. പരാതിക്കാരിയെ മര്‍ദിച്ചതിന് വഞ്ചിയൂര്‍ പൊലീസ് കഴിഞ്ഞ ദിവസം ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്‌തിരുന്നു. ഈ കേസില്‍ അറസ്റ്റിന് സാധ്യതയുളളതിനാലാണ് ഒരു ജാമ്യ ഹര്‍ജി കൂടി എംഎല്‍എ നല്‍കിയിരിക്കുന്നത്.
യുവതിയെ ഭീഷണിപ്പെടുത്തിയതിന് കേസ്: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ വീണ്ടും കേസ്. പരാതിക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയതിന് സൈബര്‍ കേസാണ് രജിസ്റ്റര്‍ ചെയ്‌തത്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ നിരന്തരം സമ്മര്‍ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി യുവതി ആരോപിച്ചിരുന്നു.