തിരുവനന്തപുരം: പാർട്ടി സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റായി നിയമിതനായ പാലോട് രവി. നെടുമങ്ങാട് മണ്ഡലത്തിൽ സ്ഥാനാർഥിയായിരുന്ന പി.എസ് പ്രശാന്തിനെ താൻ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണം പ്രശാന്തിൻ്റെ തെറ്റിദ്ധാരണയാണെന്ന് പാലോട് രവി. സംഘടന പ്രവർത്തനവുമായി പ്രശാന്ത് തിരികെ പാർട്ടിയിലേക്ക് വരണമെന്നും പാലോട് രവി പറഞ്ഞു.
തെറ്റിദ്ധാരണകൾ പരിഹരിക്കുമെന്നും താഴെത്തട്ടിലുള്ളവരുടെ അഭിപ്രായങ്ങൾ മാനിക്കുമെന്നും തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റായി നിയമിതനായ പാലോട് രവി പറഞ്ഞു. പാർട്ടിയിൽ യുവാക്കളെയും വിദ്യാർഥികളെയും മുൻനിരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കും. സംഘടനാ ദൗർബല്യവും ഭിന്നതകളും പരിഹരിച്ച് പാർട്ടിയെ മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
Also Read: കുഴഞ്ഞു മറിഞ്ഞ് കോൺഗ്രസ്; അതൃപ്തി പരസ്യമാക്കി മുതിർന്ന നേതാക്കൾ
തനിക്കെതിരെ നഗരത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ കാര്യമാക്കുന്നില്ലെന്ന് പാലോട് രവി. ശശി തരൂരിനെതിരെ മുമ്പ് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലെ അതേ വാചകങ്ങളാണ് തനിക്കെതിരെയുള്ള പോസ്റ്ററുകളിലും ഉള്ളത്. വിശാലമായ അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു പാർട്ടിയിൽ ഇരുട്ടിൻ്റെ മറവിൽ പോസ്റ്റർ ഒട്ടിക്കേണ്ട കാര്യമില്ലെന്നും പാലോട് രവി പറഞ്ഞു.