തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് (സെപ്‌റ്റംബര്‍ 30) തിരുവനന്തപുരത്ത് തുടക്കമാകും. വൈകിട്ട് ആറ് മണിക്ക് പുത്തരിക്കണ്ടം മൈതാനത്ത് മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തും. 27 വര്‍ഷത്തിന് ശേഷമാണ് തലസ്ഥാനം സിപിഐ സംസ്ഥാന സമ്മേളനത്തിന് വേദിയാവുന്നത്.
1995ലാണ് അവസാനമായി സിപിഐ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടന്നത്. പ്രായപരിധി വിവാദം രൂക്ഷമാവാന്‍ സാധ്യതയുള്ള സമ്മേളനത്തില്‍ ചരിത്രത്തില്‍ ആദ്യമായി സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഒക്ടോബര്‍ ഒന്നിന് രാവിലെ ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും.
സെക്രട്ടറി തെരഞ്ഞെടുപ്പ്, മൂന്നിന്: പ്രവര്‍ത്തന റിപ്പോര്‍ട്ട് രാഷ്ട്രീയ കാര്യ റിപ്പോര്‍ട്ട് എന്നിവയില്‍ ഒക്ടോബര്‍ ഒന്ന്, രണ്ട് തിയതികളില്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തും. മൂന്നിനാണ് സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പാണ്. നിലവിലെത്തെ സാഹചര്യത്തില്‍ മൂന്നാം തവണ സെക്രട്ടറിയാവാന്‍ തയ്യാറെടുക്കുന്ന കാനം രാജേന്ദ്രനെതിരെ സി ദിവാകരന്‍, ഇസ്‌മായില്‍ പക്ഷങ്ങള്‍ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
2015ലെ കോട്ടയം സമ്മേളനത്തിലാണ് കാനം രാജേന്ദ്രന്‍ ആദ്യമായി സിപിഐ സംസ്ഥാന സെക്രട്ടറിയാവുന്നത്. 2018ലെ മലപ്പുറം സമ്മേളനത്തില്‍ എതിര്‍പ്പുകളില്ലാതെ കാനം തുടര്‍ന്നു. എന്നാല്‍ 2022ല്‍ എത്തുമ്പോള്‍ സ്ഥിതി വ്യത്യസ്‌തമാണ്. 27 വര്‍ഷത്തിനുശേഷം തലസ്ഥാനം വേദിയാകുന്ന സിപിഐയുടെ 24ാം പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ തീയും പുകയും ഉയരുമെന്ന് ഉറപ്പായിട്ടുണ്ട്.