തിരുവനന്തപുരം: 50 കോടി രൂപ തട്ടിയെടുത്ത ടോട്ടൽ ഫോർ യു നിക്ഷേപ തട്ടിപ്പ് കേസിൻ്റെ വിചാരണയ്ക്ക് തുടർച്ചയായി ഹാജരാകാതിരുന്ന സാക്ഷിക്ക് കോടതിയുടെ അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം മണക്കാട് കമലേശ്വരം സ്വദേശി അഷ്‌റഫിനാണ് വാറണ്ട് ലഭിച്ചത്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
പത്ത് വർഷം പഴക്കമുള്ള കേസിൻ്റെ വിചാരണ കൊവിഡിനെ തുടര്‍ന്ന് മുടങ്ങി കിടക്കുകയായിരുന്നു. വിചാരണ നടപടികൾ കോടതിയില്‍ വീണ്ടും ആരംഭിച്ചതോടെ കേസ് വിചാരണയുടെ അവസാന ഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് മണക്കാടുള്ള സാക്ഷി കോടതിയില്‍ തുടര്‍ച്ചയായി ഹാജരാകാത്തത് കോടതിയെ ചൊടിപ്പിച്ചത്.
2007 ഏപ്രിൽ 30 മുതൽ 2008 ആഗസ്റ്റ് 20 വരെയാണ് കേസിനാസ്‌പദമായ സംഭവം. തലസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി സ്ഥാപനങ്ങൾ തുടങ്ങി കോടികളുടെ തട്ടിപ്പ് നടത്തി എന്നാണ് പൊലീസ് കേസ്.
ടോട്ടൽ ഫോർ യു മാനേജിങ് ഡയറക്‌ടര്‍ ശബരിനാഥ്, നെസ്റ്റ് സൊല്യൂഷൻസ് ജനറൽ മാനേജർ ബിന്ദു മഹേഷ്, മുൻ സിഡ്‌കോ സീനിയർ മാനേജർ ചന്ദ്രമതി, ശബരിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രമോദ് ഐസക്, രാജൻ, ബിന്ദു സുരേഷ്, ക്യാൻവാസിങ് ഏജന്‍റുമാരായ ഹേമലത, ലക്ഷ്‌മി മോഹൻ, മിലി എസ് നായർ തുടങ്ങി 20 പേരാണ് കേസിലെ പ്രതികൾ.
Also read: 12 വര്‍ഷത്തെ 40ലേറെ പരാതികള്‍ക്ക് ശേഷം പൊലീസ് കണ്ണുതുറന്നു, മര്‍ദകനായ ഭര്‍ത്താവ് പിടിയില്‍