തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷന്‍റെ മോഷണം പോയ വാഹനങ്ങൾ സി.പി.എം പ്രവർത്തകർ സ്വകാര്യമായി ഉപയോഗിക്കുന്നുവെന്ന ഗുരുതരമായ ആരോപണവുമായി പ്രധാന പ്രതിപക്ഷമായ ബി.ജ.പി. വാഹനങ്ങൾ പാർട്ടിപ്രവർത്തകർ ഉപയോഗിക്കുന്നതായി ഭരണസമിതിക്ക് അറിയാവുന്നതുകൊണ്ടാണ് നിയമ നടപടികൾ സ്വീകരിക്കാത്തതെന്നും ബി ജെ പി ആരോപിച്ചു.
വാഹനക്കണക്ക് സംബന്ധിച്ച വിവരാവകാശ രേഖയിൽ തെറ്റുണ്ടെന്ന മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.ആർ അനിലിന്‍റെ അവകാശവാദം ബി.ജെ.പി തള്ളി. ഉദ്യോഗസ്ഥരെ പഴിപറഞ്ഞ് വസ്‌തുതകൾ മറച്ചുവയ്ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഈ വാദം. മോഷണം പോയ വാഹനങ്ങൾ സംബന്ധിച്ച് പരാതി നൽകിയെന്ന ന്യായീകരണവും തെറ്റാണ്.
Also Read Exclusive: വാഹനകണക്ക് കുരുക്കഴിയാതെ തിരുവനന്തപുരം നഗരസഭ: പരസ്പരം പഴിചാരി ഉദ്യോഗസ്ഥരും ഭരണസമിതിയും
ഏതൊക്കെ പോലീസ് സ്റ്റേഷനുകളിലാണ് പരാതി നൽകിയതെന്ന് വെളിപ്പെടുത്തണം. കേസിന്‍റെ എഫ്ഐആർ നമ്പർ അടക്കമുള്ള രേഖകൾ കൗൺസിലിൽ നൽകണം. അന്വേഷണ പുരോഗതി ഭരണ സമിതി വിശദീകരിക്കണമെന്നും ബി.ജെ.പി കൗൺസിലർ കരമന അജിത് ആവശ്യപ്പെട്ടു.
വിവരാവകാശരേഖകളുടെ പശ്ചാത്തലത്തിൽ ഇടിവി ഭാരത് പുറത്തുവിട്ട വാർത്തയിൽ വിവാദം കൊഴുക്കുകയാണ്. അതേസമയം വാഹനങ്ങളുടെ എണ്ണം ക്രോഡീകരിച്ചിട്ടില്ലെന്ന് വിവരം നൽകിയ വിവരാവകാശ രേഖ സംബന്ധിച്ച് പരിശോധന തുടങ്ങിയതായി ഭരണ സമിതി വ്യക്തമാക്കി.