തിരുവനന്തപുരം: നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഇന്ന് ഡിജിപി അനിൽ കാന്തിന് കൈമാറും. കത്ത് കണ്ടെത്താതെ കൂടുതല്‍ ആളുകളുടെ മൊഴിയെടുക്കുന്നതില്‍ ഫലമില്ല. മേയർ ആര്യ രാജേന്ദ്രന്‍റെ പരാതിയിൽ സത്യാവസ്ഥ കണ്ടെത്താൻ യഥാർഥ കത്ത് കണ്ടെത്തണം. അതിനാൽ കേസെടുത്ത് അന്വേഷിക്കണമെന്നാണ് പ്രാഥമിക അന്വേഷണം നടത്തുന്ന എസ്.പി മധുസൂദനൻ്റെ ശുപാർശ.
അതേസമയം, കത്തിലെ അഴിമതി അന്വേഷിക്കുന്ന വിജിലൻസ് സംഘം ഇന്നലെ (നവംബർ 13) നഗരസഭയിലെ വിനോദ്, ഗിരീഷ് എന്നീ ജീവനക്കാരെ ചോദ്യം ചെയ്‌തിരുന്നു. പ്രചരിക്കുന്നത് പോലൊരു കത്ത് നൽകിയിട്ടില്ലെന്നാണ് ഇവർ നൽകിയ മൊഴി. വിജിലൻസ് ഇന്ന് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും.
മേയറുടെ ഓഫിസിലെ കമ്പ്യൂട്ടറും വിജിലൻസ് ഇന്ന് പരിശോധിക്കും. നിയമന കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.