തിരുവനന്തപുരം: കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭ കൗൺസിൽ യോഗത്തിൽ ഇന്നും സംഘർഷം. കൗൺസിൽ യോഗം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മേയറെ തടയുന്നതിനായി ബിജെപി അംഗങ്ങൾ മേയറുടെ ഇരിപ്പിടത്തിന് ചുറ്റും കിടന്ന് പ്രതിഷേധിച്ചു. യുഡിഎഫ് അംഗങ്ങൾ ഇലത്താളവുമായി കസേരയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചതോടെ പൊലീസ് കൗൺസിൽ ഹാളിലെത്തിയത് സംഘര്‍ഷത്തിനിടയാക്കി.
ALSO READ| കത്ത് വിവാദത്തിൽ നഗരസഭയിൽ ഇന്നും പ്രതിഷേധം
മേയറുടെ കസേരയ്ക്ക് ചുറ്റും കിടന്ന ബിജെപി അംഗങ്ങളെ അറസ്റ്റ് ചെയ്‌ത് നീക്കാനുള്ള വനിത പൊലീസിന്‍റെ ശ്രമം തടഞ്ഞതിനെ തുടർന്നാണ് കൗൺസിലർമാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായത്. ഇതിനിടയിൽ മറ്റൊരു വാതിലിലൂടെ മേയർ ഇരിപ്പിടത്തിൽ എത്തി. കൗൺസിൽ യോഗം ആരംഭിക്കുകയും ചെയ്‌തു. ഭിന്നശേഷി സൗഹൃദ നഗരസഭയ്ക്കുള്ള സംസ്ഥാന സർക്കാരിന്‍റെ പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്ക്ക് ആണെന്ന വിവരം കൗൺസിലിന്നെ അറിയിച്ചു. ഈ സമയത്തും ബിജെപി വനിത അംഗങ്ങൾ മേയറുടെ കസേരയ്ക്ക് ചുറ്റും കിടന്നും യുഡിഎഫ് അംഗങ്ങൾ മുന്നില്‍ നിന്നും പ്രതിഷേധിച്ചു.