തിരുവനന്തപുരം: ഉറവിടം അറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. കൊവിഡ് സ്ഥിരീകരിച്ച അസാം സ്വദേശി ജോലി ചെയ്തിരുന്ന പാളയം സാഫല്യം കോംപ്ലക്സ് ഏഴ് ദിവസത്തേക്ക് അടയ്ക്കും. പാളയം മാർക്കറ്റിലും നിയന്ത്രണങ്ങൾ ശക്തമാക്കും. പ്രധാന കവാടത്തിലൂടെ മാത്രമായിരിക്കും മാർക്കറ്റിലേക്ക് പ്രവേശനം. മറ്റു വഴികൾ എല്ലാം അടയ്ക്കും. കവാടത്തിൽ നഗരസഭ പ്രത്യേക കൗണ്ടറും ആരംഭിക്കും.
മാർക്കറ്റിന് മുന്നിലും സമീപത്തുമുള്ള വഴിയോര കച്ചവടക്കാർക്കും നിയന്ത്രണം ഉണ്ടാകും. നഗരത്തിൽ ആൾത്തിരക്ക് ഉണ്ടാകുന്ന സർക്കാർ ഓഫീസുകൾ, ബസ് സ്റ്റോപ്പുകൾ, അക്ഷയ കേന്ദ്രങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലും നിയന്ത്രണം വരും. അതേ സമയം നഗരം പൂർണമായും അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് തിരുവനന്തപുരം നഗരസഭ മേയർ കെ ശ്രീകുമാർ പറഞ്ഞു. എന്നാൽ ഇന്നത്തെ കണക്ക് അപകടകരമായ സൂചനയാണെന്നും മേയർ പറഞ്ഞു. നഗരത്തിന് ഉള്ളിൽ മാത്രം ഇന്ന് രണ്ടു പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.