തിരുവനന്തപുരം : വാഹനാപകടത്തില്‍ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ബൈക്കുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം (Two youths died). സെയ്‌ദലി(22), ഷിബിന്‍ (26) എന്നിവരാണ് മരിച്ചത്. രാത്രി 12 മണിക്ക് ശേഷം തിരുവല്ലം കല്ലുമൂട് പാലത്തിന് സമീപത്തായിരുന്നു സംഭവം.
എതിരെ വന്ന ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു (Thiruvallam bike accident). ഉടന്‍ തന്നെ ഇരുവരെയും ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല. പുതുവര്‍ഷാഘോഷത്തിന് ശേഷം മടങ്ങുന്നതിനിടെയായിരുന്നു അപകടമെന്നാണ് വിവരം.
തൃശൂരില്‍ വാഹനാപകടം : ഞായറാഴ്‌ച പുലർച്ചെ തൃശൂർ കുതിരാനില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുതിരാൻ പാലത്തിൽവച്ച് ഇന്നോവ കാർ ട്രെയിലർ ലോറിലേക്ക് ഇടിച്ചുകയറിയാണ് അപകടം. പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു സംഭവം.
രണ്ട് സ്ത്രീകളും നാല് പുരുഷന്മാരും അടക്കം ആറ് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ബെംഗളൂരുവില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കാര്‍ ഓടിച്ചിരുന്ന ആൾ ഉറങ്ങിപ്പോയതാകാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. കാര്‍ പൂര്‍ണമായും തകർന്നിരുന്നു.