തിരുവനന്തപുരം: കോൺഗ്രസിലെ മുതിർന്ന 23 നേതാക്കള്‍ സോണിയാഗാന്ധിക്ക് കത്തെഴുതിയതുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വത്തില്‍ ഒരു പ്രതിസന്ധിയില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ദേശീയതലത്തില്‍ കോണ്‍ഗ്രസില്‍ നേതൃത്വ പ്രതിസന്ധിയില്ല. എല്ലാവരും ആഗ്രഹിക്കുന്നത് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കണം എന്നാണ്. രാഹുല്‍ഗാന്ധി നേതൃത്വം ഏറ്റെടുക്കാന്‍ വൈകുന്നുവെന്നാണ് കത്തെഴുതിയര്‍ പോലും പറയുന്നത്. അതല്ലാതെ പാര്‍ട്ടിക്കുള്ളില്‍ ഒരു പ്രശ്‌നവുമില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
ഇന്ത്യ പോലൊരു രാജ്യത്ത് എല്ലാ വിഭാഗം ജനങ്ങളുടെയും വിശ്വാസം ആര്‍ജിച്ച് മുന്നോട്ടു പോകാന്‍ രാഹുല്‍ ഗാന്ധിക്കു മാത്രമേ സാധിക്കൂ. അതിനാല്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുത്തേ മതിയാകൂ. കോണ്‍ഗ്രസിനു മാത്രമേ ഇന്ത്യയുടെ താത്പര്യം സംരക്ഷിച്ച് മുന്നോട്ടു പോകാനാകൂവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി 11 തെരഞ്ഞെടുപ്പുകള്‍ നേരിട്ട് നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സന്ദര്‍ഭത്തില്‍ ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്.