തിരുവനന്തപുരം: പൂട്ടിയിട്ടിരുന്ന പ്രവാസിയുടെ വീട് കുത്തിതുറന്ന് 45 പവൻ സ്വർണ്ണാഭരണങ്ങളും വിദേശ കറൻസി അടക്കം ഒരു ലക്ഷം രൂപയും കവർന്ന കേസിലെ മുഖ്യ പ്രതി പിടിയില്‍. കടയ്ക്കാവൂർ പൊലീസാണ് പ്രതി എംവിപി ഹൗസിൽ യാസീനെ (19) പിടികൂടിയത്. മോഷണം ചെയ്ത തുക ഉപയോഗിച്ച് വാങ്ങിയ മൊബൈൽ ഫോണുകളും വിദേശ കറൻസിയും പൊലീസ് കണ്ടെടുത്തു.
തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ സേലത്ത് നിന്നും ട്രെയിനിൽ വർക്കല ഇറങ്ങി കടയ്ക്കാവൂരുള്ള ബന്ധുവീട്ടിലേക്ക് പോകും വഴിയാണ് പിടിയിലാകുന്നത്. പ്രായപൂർത്തി ആകുന്നതിന് മുമ്പ് തന്നെ രണ്ട് കഞ്ചാവ് കേസില്‍ പ്രതിയായിരുന്നു ഇയാള്‍.
ഈ മാസം ആറിന് മണമ്പൂർ പാർത്തുക്കോണം ക്ഷേത്രത്തിന് സമീപം എ.എസ്. ലാൻഡിൽ പ്രവാസിയായ അശോകന്റെ വീടിന്റെ വാതിലുകൾ തകർത്താണ് പ്രതികള്‍ മോഷണം നടത്തിയത്. കടയ്ക്കാവൂർ പൊലീസ് ഇൻസ്പെക്ടർ എസ്.എം റിയാസ്സ്, സബ് ഇൻസ്പെക്ടർ വിനോദ് വിക്രമാദിത്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.