തിരുവനന്തപുരം: തിയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നിലപാട് അംഗീകരിച്ച് തിയറ്ററുടമകളുടെ സംഘടന ഫിയോക്. കൊവിഡ് രോഗവ്യാപന നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ തിയേറ്ററുകൾ തത്കാലം തുറക്കേണ്ടേതില്ലെന്നാണ് തീരുമാനം.
മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം ഫിയോക് പ്രതിനിധികൾ നടത്തിയ ചർച്ചയിൽ ലഭിച്ച അനുകൂല നിലപാടുകളുടെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനം. തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ സർക്കാരിനുമേൽ അധിക സമ്മർദം വേണ്ടെന്ന നിലപാടാണ് ഫിയോക് എക്‌സിക്യൂട്ടീവ് യോഗത്തിലും ഉണ്ടായത്.
അനുകൂല സാഹചര്യത്തിൽ മുൻഗണന നിശ്ചയിച്ച് തിയറ്ററുകൾ തുറക്കാമെന്ന ഉറപ്പാണ് മുഖ്യമന്ത്രി നൽകിയത്. നിലവിലെ സാമ്പത്തിക മാന്ദ്യത്തിൻ്റെ പശ്ചാത്തലത്തിൽ തിയറ്ററുകൾ ആവശ്യപ്പെട്ടിട്ടുള്ള വിനോദനികുതി ഇളവ് അടക്കമുള്ള വിഷയങ്ങളിൽ അനുഭാവപൂർണമായ നിലപാട് സ്വീകരിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ALSO READ: കാത്തിരിപ്പ് നീളും ; ഓണത്തിന് മുമ്പ് തിയറ്ററുകൾ തുറക്കാൻ സാധ്യതയില്ലെന്ന് ഉടമകൾ
ഓണത്തിനു മുൻപ് തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രിയദർശൻ - മോഹൻലാൽ സിനിമ 'കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം' നിലവിലെ സാഹചര്യത്തിൽ വൈകും. രണ്ടു മാസമെങ്കിലും ചിത്രത്തിൻ്റെ റിലീസ് നീളുമെന്നാണ് കണക്കുകൂട്ടൽ.