തിരുവനന്തപുരം: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ ബാറുകളും ബിവറേജുകളും അടച്ചിടണമെന്ന് യുഡിഎഫ്. ബാറുകള്‍ക്കും ബിവറേജുകൾക്കും നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ ഗൗരവം കാണിക്കുന്നില്ലെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാന്‍ പറഞ്ഞു. ആരാധനാലങ്ങളിൽ നിയന്ത്രണമേർപ്പെടുത്തുന്ന സർക്കാർ എന്തുകൊണ്ട് മദ്യശാലകൾക്ക് നിയന്ത്രണമേർപ്പെടുത്താത്തതെന്ന് അദ്ദേഹം ചോദിച്ചു. മറ്റു പല സംസ്ഥനങ്ങളും ബാറുകൾ താത്കാലികമായി പൂട്ടിയതായും കേരളം ഇത് മാതൃകയാക്കണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു.
അതേസമയം, കൊവിഡ് 19 നെത്തുടർന്ന് സാമൂഹ്യക്ഷേമ പെൻഷൻ രണ്ട് മാസത്തേത് ഒന്നിച്ച് നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ആറുമാസത്തെ കുടിശ്ശിക നിലനിൽക്കെ രണ്ടു മാസത്തെ കുടിശിക നൽകുക മാത്രമാണ് സർക്കാരിന്‍റെ പ്രഖ്യാപനമെന്നും അദ്ദേഹം ആരോപിച്ചു.
കൊവിഡിനെ ചെറുക്കാൻ സർക്കാർ സ്വീകരിക്കുന്ന മുൻകരുതൽ നടപടികൾക്ക് യു.ഡി.എഫ് പിന്തുണ നർകുന്നതായി അദ്ദേഹം പറഞ്ഞു. കൊവിഡിനെതിരെയുള്ള ജാഗ്രത നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനാണ് ഇന്ന് പ്രത്യേക യോഗം ചേർന്നത്. കുട്ടനാട് സീറ്റ് വിഷയമടക്കമുള്ള രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഏപ്രിൽ 6 ന് വീണ്ടും യോഗം ചേരും.