തിരുവനന്തപുരം: നിയമസഭയെ പ്രക്ഷുബ്‌ദമാക്കി ഭരണ-പ്രതിപക്ഷ വാക് പോര്. ലഹരികടത്ത് സംബന്ധിച്ച ചോദ്യങ്ങൾക്കിടയിൽ ബെംഗളൂരു മയക്ക് മരുന്ന് കേസ് പരാമർശിച്ചതാണ് സഭയിൽ ബഹളത്തിനിടയാക്കിയത്. യുവത്വത്തെ സ്വാധീനിക്കാൻ കഴിവുള്ള ചിലർ ലഹരിമരുന്നിന് അടിമപ്പെടുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇതിനെതിരെ കർശന നടപടിയുണ്ടാകുമെന്നും പിണറായി വിജയൻ പറഞ്ഞു.
എം.വിൻസെന്‍റ് എം.എൽ.എയാണ് ബാംഗ്ലൂർ മയക്ക് മരുന്ന് കേസ് പരാമർശിച്ചത്. കുമരകം മയക്ക് മരുന്ന് കേസിലെ പ്രതികൾക്ക് ബാംഗ്ലൂർ കേസുമായി ബന്ധമുണ്ടോയെന്നായിരുന്നു ചോദ്യം. എന്നാൽ എക്സൈസ് മന്ത്രി ഇതിന് വ്യക്തമായ മറുപടി പറഞ്ഞില്ല. ലഹരികടത്ത് കേസിൽ പിടിയിലായ ബിനീഷ് കോടിയേരിയെ സംബന്ധിച്ച പ്രതിപക്ഷ ചോദ്യങ്ങൾക്കും എക്സൈസ് മന്ത്രി വ്യക്തമായ മറുപടി പറഞ്ഞില്ല.
അതേസമയം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലഹരിമരുന്ന് വിപണനം നടക്കുന്നത് കേരളത്തിലാണെന്ന പ്രതിപക്ഷ ആക്ഷേപത്തിന് കണക്കുകൾ നിരത്തിയാണ് എക്സൈസ് മന്ത്രി മറുപടി നൽകിയത്. പ്രതിപക്ഷ വാദം വസ്‌തുതാ വിരുദ്ധമെന്ന് പറഞ്ഞ എക്സൈസ് മന്ത്രി കേസിന്‍റെ കണക്കുകൾ പുറത്തു വിട്ടു. 15,860 ലഹരി കേസുകളാണ് ഈ വർഷം റിപ്പോർട്ടു ചെയ്‌തത്. 23,182 ലിറ്റർ സ്‌പിരിറ്റ്, 7 119.905 ലിറ്റർ ചാരായം, 30,958.33 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, 5, 31,662 ലിറ്റർ വാഷും ഈ വർഷം പിടികൂടി. 3209.23 കിലോ കഞ്ചാവും 696 കഞ്ചാവ് ചെടികളും നശിപ്പിച്ചതായി മന്ത്രി സഭയെ അറിയിച്ചു.
മയക്ക് മരുന്ന് സംഭവങ്ങളിൽ അയൽ സംസ്ഥാനങ്ങളുമായി ചേർന്ന് റെയ്‌ഡ് നടത്താൻ കേരളം മുൻകയ്യെടുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം കടകളിലോ മറ്റ് സ്ഥാപനങ്ങളിലോ ലഹരി മരുന്ന് വിപണനം നടത്തിയാൽ ആ സ്ഥാപനങ്ങൾ പിന്നീട് തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും എക്സൈസ് മന്ത്രി സഭയെ അറിയിച്ചു. സംസ്ഥാനത്ത് ആൺ , പെൺ വ്യത്യാസമില്ലാതെ ലഹരി മരുന്നുകൾ ഉപയോഗിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നതായി മുഖ്യമന്ത്രിയും പറഞ്ഞു.