തിരുവനന്തപുരം: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന മുൻ പൊലീസുകാരൻ ആശുപത്രിയിൽ നിന്ന് ചാടി പോയി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ശ്രീനിവാസൻ എന്നയാളാണ് ആശുപത്രിയിൽ നിന്ന് കടന്നത്. കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ഇന്ന് ആശുപത്രിയിൽ എത്തിയ പൊലീസുകാരനാണ് പരിശോധന പൂർത്തിയാക്കാതെ ആശുപത്രി വിട്ടത്.
രാവിലെ 11 മണിയോടെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട ഇയാൾ നന്ദാവനം എ.ആർ ക്യാമ്പിലും പൊലീസ് സർവീസ് സൊസൈറ്റി ഓഫീസിലും എത്തിയിരുന്നു. ആശുപത്രിയിൽ നിന്ന് വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. മ്യൂസിയം പൊലീസാണ് പൊലീസ് സർവീസ് സൊസൈറ്റി ഓഫീസിൽ നിന്നും ഇയാളെ പിടികൂടി ആശുപത്രിയിലാക്കിയത്. ചാടിപ്പോയി മൂന്ന് മണിക്കൂറിനുശേഷമാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. ഇയാളുടെ പരിശോധനാഫലം ലഭിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് അരോഗ്യ വകുപ്പ് അറിയിച്ചു.