തിരുവനന്തപുരം: എയ്‌ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണത്തിൽ വ്യക്തത വരുത്തി പൊതു വിദ്യാഭ്യാസ വകുപ്പ്. കുട്ടികൾ കുറവുള്ള എയ്‌ഡഡ് സ്‌കൂളുകളിൽ റെഗുലർ ഒഴിവുകളിലെ താൽക്കാലിക നിയമനത്തിന് ഭിന്നശേഷി സംവരണം പാലിക്കേണ്ട എന്നതാണ് ഉത്തരവ്. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കി.
എന്നാൽ 2018 നവംബർ 18ന് മുൻപുള്ള ഒഴിവുകളിലെ താൽക്കാലിക നിയമനങ്ങൾക്ക് ഉത്തരവ് ബാധകമാവില്ല. എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപക അനധ്യാപക ഒഴിവുകളിൽ ഭിന്നശേഷി സംവരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണം എന്ന കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലിറക്കിയ മാർഗനിർദ്ദേശത്തിൽ വ്യക്തത വരുത്തിയാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ പുതിയ ഉത്തരവ്. സ്‌കൂളുകളിൽ മതിയായ എണ്ണം വിദ്യാർത്ഥികൾ പ്രവേശനം നേടിയ ഭിന്നശേഷി സംവരണം ബാധകമാകും എന്നും ഉത്തരവിൽ പറയുന്നു.
കോടതി ഉത്തരവ് പ്രകാരം എയ്‌ഡഡ് സ്‌കൂളുകളിൽ നാല് ശതമാനം ഭിന്നശേഷി സംവരണം പാലിക്കുന്നതിന് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. പുതിയ ഉത്തരവ് പ്രകാരം മതിയായ കുട്ടികളില്ലാത്ത സ്‌കൂളുകളിൽ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമങ്ങൾ നടത്തേണ്ടത്. ഈ സാഹചര്യം പരിഗണിച്ച് ഇത്തരം നിയമനങ്ങൾക്ക് ഭിന്നശേഷി സംവരണം ബാധകമാക്കേണ്ടതില്ല. എന്നാൽ അതേ സമയം ഇത്തരം സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണം കൂടുമ്പോൾ അത്തരം സ്‌കൂളുകളിൽ സംവരണം നടപ്പിലാക്കണമെന്നും ഉത്തരവിൽ പറയുന്നു.