തിരുവനന്തപുരം: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാക്കി ഇടതുമുന്നണി. കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെയുള്ള മനുഷ്യമഹാ ശൃംഖലയാണ് നാളെ നടക്കുന്നത്. 70 ലക്ഷത്തോളം പേര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായുള്ള പ്രതിഷേധത്തില്‍ പങ്കുചേരുമെന്നാണ് മുന്നണിയുടെ കണക്ക് കൂട്ടല്‍. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള കാസര്‍കോട് മനുഷ്യ ശൃംഖലയുടെ ആദ്യകണ്ണിയായും കളിയിക്കാവിളയില്‍ എം.എ.ബേബി അവസാനകണ്ണിയായും മനുഷ്യമഹാ ശൃംഖലയിൽ അണി ചേരും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തിരുവനന്തപുരത്ത് മനുഷ്യശൃംഖലയുടെ ഭാഗമാകും.
കാസര്‍കോട് നിന്ന് കോഴിക്കോട് രാമനാട്ടുകരവരെ ദേശിയപാതയിലാണ് പ്രതിഷേധം. രാമനാട്ടുകരയില്‍ നിന്ന് മലപ്പുറം, പട്ടാമ്പി, തൃശ്ശൂരില്‍ എത്തുമ്പോള്‍ മനുഷ്യശൃംഖല വീണ്ടും ദേശീയപാതയിലാകും. റോഡിന്‍റെ വലതു വശത്താണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. 3.30ന് റിഹേഴ്‌സലായി മനുഷ്യശൃംഖല സംഘടിപ്പിക്കും. നാലുമണിക്ക് ഭരണഘടനയുടെ ആമുഖം വായിച്ച ശേഷം ഭരണഘടനാ സംരക്ഷണ പ്രതിഞ്ജയെടുക്കും. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരേയും പ്രതിഷേധത്തിന്റെ ഭാഗമാക്കാനുളള ശ്രമത്തിലാണ് ഇടതുമുന്നണി.