തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം സംബന്ധിച്ച രാസപരിശോധനാ റിപ്പോർട്ട് ഇന്ന് പൊലീസിന് ലഭിക്കും. കുടുംബത്തിൽ അവസാനം മരിച്ച ജയമാധവൻ നായരുടെ രാസപരിശോധനാ റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്നാണ് അന്വേഷണസംഘം കണക്കാക്കുന്നത്. രാസപരിശോധനാ ഫലം വേഗത്തിൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളജിന് പൊലീസ് കത്ത് നൽകിയിരുന്നു. ദുരൂഹമരണം ആരോപിച്ചിരിക്കുന്ന രണ്ട് മരണങ്ങളിൽ ജയമാധവൻ നായരുടെ മരണത്തിൽ മാത്രമാണ് പോസ്റ്റുമോർട്ടം നടന്നത്. മൃതദേഹം ദഹിപ്പിച്ചതിനാൽ രാസപരിശോധനാ ഫലം മാത്രമാണ് പൊലീസിന് മുന്നിലെ ഏക വഴി. പ്രാഥമിക പരിശോധനയിൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വിലയിരുത്തലാണ് പ്രത്യേക അന്വേഷണ സംഘം.
രാസപരിശോധനയിൽ എന്തെങ്കിലും സൂചന ലഭിച്ചാല്‍ തട്ടിപ്പുകേസിൽ പ്രതി ചേർത്ത 12 പേർക്കെതിരെ കൊലക്കുറ്റം കൂടി ചുമത്തും. കൂടത്തിൽ കുടുംബത്തിലെ കാര്യസ്ഥൻ രവീന്ദ്രൻനായർ ആണ് കേസിലെ ഒന്നാംപ്രതി. കേസിൽ പത്താം പ്രതിയായി തിരുവനന്തപുരം മുൻ കലക്ടർ മോഹൻദാസ് ഉൾപ്പെട്ടിട്ടുണ്ട്. ഡി സി പി മുഹമ്മദ് ആസിഫിന്‍റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അഡീഷണൽ കമ്മീഷണർ ഹർഷിത അട്ടല്ലൂരി അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്നുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണർ എം എസ് സന്തോഷാണ് അന്വേഷണ ഉദ്യോഗസ്ഥൻ.