തിരുവനന്തപുരം: ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതി. നികുതി കൊടുത്ത് സർക്കാരിനെ പോറ്റുന്ന വ്യാപാരികളെ നികുതിവെട്ടിപ്പുകാരായി ചിത്രീകരിക്കുകയാണ് ധനമന്ത്രിയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിന്‍റ് ടി. നസറുദീന്‍ ആരോപിച്ചു.
കടകളിൽ കയറി പരിശോധന നടത്തുമെന്ന പ്രസ്താവനക്കെതിരെയും വ്യാപാരികൾ പ്രതിഷേധമറിയിച്ചു. തൊഴിലില്ലാത്തവര്‍ക്ക് കയറിയിറങ്ങി നിരങ്ങാനുള്ളതല്ല കച്ചവട സ്ഥാപനങ്ങളെന്നായിരുന്നു ടി.നസറുദീന്‍റെ പ്രതികരണം. വ്യാപാരികളെ പൂർണമായി അവഗണിച്ച് കോർപ്പറേറ്റുകളെ സംരക്ഷിക്കാനാണ് തോമസ് ഐസക്ക് ശ്രമിക്കുന്നത്. ജിഎസ്ടി വിഹിതം കേന്ദ്ര സർക്കാരിൽ നിന്ന് വിലപേശി വാങ്ങുന്നതിന് പകരം വ്യാപാരികളിൽ നിന്ന് ഈടാക്കി വരുമാനത്തിലെ കമ്മി നികത്താനുള്ള ശ്രമം എന്ത് വില കൊടുത്തും എതിർക്കും. ബജറ്റിലെ അവഗണനക്കെതിരായ പ്രതിഷേധ പരിപാടികൾ തീരുമാനിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് ഞായറാഴ്ച യോഗം ചേരുമെന്നും വ്യാപാരികൾ അറിയിച്ചു.