തിരുവനന്തപുരം: നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. പോത്തൻകോട് മാതാവീട് എ.വി. സദനത്തിൽ വി.അനിൽകുമാർ (48) ആണ് മരിച്ചത്. ക്ഷേത്ര ഉത്സവം കഴിഞ്ഞ് വൈദ്യുത ഉപകരണങ്ങൾ അഴിച്ചിറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കോലിയക്കോട് എ.വി. ലൈറ്റ് ആൻഡ് സൗണ്ട്സിന്‍റെ ഉടമയായിരുന്നു അനിൽകുമാർ. ഞായറാഴ്‌ച ഉച്ചയോടെ വേളാവൂരിലാണ് അപകടം നടന്നത്.
വേളാവൂർ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മൈക്ക് സെറ്റ് ഉപകരണങ്ങൾ അഴിച്ചിറക്കി വാഹനത്തിൽ കയറ്റുന്നതിനിടെ പോത്തൻകോട് നിന്നും വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് വന്ന ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി അനിൽകുമാറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ അനിൽകുമാറിനെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങി.