തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖ പുറത്തു വന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള എൻഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ കത്ത് ജയിൽ മേധാവി ഋഷിരാജ് സിങ് ഡിജിപിക്ക് കൈമാറി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡി ജയിൽ മേധാവിക്ക് കത്ത് നൽകിയത്. കൂടുതൽ അന്വേഷണത്തിനായാണ് കത്ത് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറിയത്.
നേരത്തെ ജയിൽ വകുപ്പും ഡിജിപിയോട് ശബ്ദരേഖയിൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസ് എടുക്കുന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്. ശബ്ദരേഖ സ്വപ്നയുടെ തന്നെയാണെന്ന് ഉറപ്പിക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു ജയിൽ ഡിഐജിയുടെ റിപ്പോർട്ട്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ അന്വേഷണ ഏജൻസികൾ നിർബന്ധിക്കുന്നുവെന്ന് വെളിപ്പെടുത്തിയാണ് സ്വപ്നയുടേത് എന്ന പേരിൽ ശബ്ദരേഖ ഒരു വാർത്ത പോർട്ടൽ പുറത്തുവിട്ടത്.