തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിതി ഗുരുതരമാകുന്ന സാഹചര്യത്തിൽ അടിയന്തരമല്ലാത്ത എല്ലാ സേവനങ്ങളും അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സമൂഹ വ്യാപനം ഉൾപ്പെടെയുള്ള ഗുരുതര പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഇതുമാത്രമാണ് ഏക വഴിയെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്‍റ് ഡോ. എബ്രഹാം മാത്യു വ്യക്തമാക്കി.
ഡോക്‌ടർമാർ വീടുകളിലെ പരിശോധന താൽകാലികമായി ഒഴിവാക്കുകയും അത്യാവശ്യ ശസ്ത്രക്രിയകൾ മാത്രം നടത്താൻ ശ്രദ്ധിക്കുകയും വേണം. തിരക്ക് ഒഴിവാക്കാൻ ഒ.പി സംവിധാനം നിർത്തിവെക്കണം. ആശുപത്രിയിൽ വരുന്ന സന്ദർശകരിൽ 60 വയസിന് മുകളിലുള്ളവരെയും 18 വയസിന് താഴെയുള്ളവരെയും കർശനമായി ഒഴിവാക്കണം. അതേസമയം പരിശോധന വ്യാപകമാക്കണം.
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ സർക്കാർ ശ്രദ്ധിക്കുകയും ഇൻഷുറൻസ് നൽകുകയും വേണം. മാർച്ച് 31 വരെ എങ്കിലും സംസ്ഥാനത്ത് സമ്പൂർണ ഷട്ട് ഡൗൺ നടപ്പിലാക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.