തിരുവനന്തപുരം: സംരക്ഷിത വന മേഖലയ്‌ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖല(esz) വേണമെന്ന സുപ്രീം കോടതി ഉത്തരവ് കേരളത്തിലെ മലയോര-കാനന മേഖലകളില്‍ വീണ്ടും അസ്വസ്ഥത പരത്തുന്നു. രണ്ടാം യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്‌ഗില്‍ അധ്യക്ഷനായും പിന്നീട് വിവാദമായപ്പോള്‍ കസ്‌തൂരിരംഗനെയും നിയമിച്ചപ്പോള്‍ കേരളത്തിന്‍റെ മലയോര മേഖലകളില്‍ പടര്‍ന്ന അതേ എതിര്‍പ്പുകളാണ് ഇപ്പോള്‍ സുപ്രീം കോടതി വിധിക്കെതിരെയും ഉയരുന്നത്. മുമ്പ് ഏറ്റവുമധികം എതിര്‍പ്പുയര്‍ത്തിയ ഇടുക്കിയിലെ ഹൈറേഞ്ച് സംരക്ഷണ സമിതിയാണ് ഇപ്പോള്‍ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
സുപ്രീം കോടതി വിധിക്ക് പിന്നില്‍ വനം വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരും കപട പരിസ്ഥിതി വാദികളുമാണെന്ന് ആരോപിച്ച സമിതി സുപ്രീം കോടതി വിധി ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് സുപ്രീം കോടതിയെ സമീപിക്കണമെന്നും അതല്ലെങ്കില്‍ കോടതി വിധി മറികടക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി പുതിയ നിയമം കൊണ്ടു വരണമെന്നുമാണ് ആവശ്യം. സുപ്രീം കോടതി നിര്‍ദ്ദേശിച്ച ഇ.എസ്.സെഡ് മേഖലയില്‍ സ്ഥിരം കെട്ടിടങ്ങളുടെ നിര്‍മാണം പാടില്ല.
ദേശീയ പാര്‍ക്കുകളിലാകട്ടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ ഖനനവും പാടില്ല. ഇത്തരം ഇ.എസ്.സെഡ് മേഖലകളില്‍ നിലനില്‍ക്കുന്ന കെട്ടിടങ്ങളെ കുറിച്ചും നിര്‍മ്മിതികളെ കുറിച്ചും സര്‍വ്വേ നടത്തി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ വനം വകുപ്പിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധി സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചുണ്ടാക്കിയിരിക്കുന്നത് അപ്രതീക്ഷിത പ്രതിസന്ധിയാണ്.
സര്‍ക്കാരിന്‍റെ അടിയന്തിര ഇടപെടലുണ്ടാകുന്നില്ലെങ്കില്‍ എതിര്‍പ്പ് ശക്തമാകുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നു. ഇത് പരിഗണിച്ചാണ് പ്രശ്‌നത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയത്. ജനവാസമേഖലകള്‍ പരിസ്ഥിതി ലോല മേഖലയാക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച് അന്തിമ തീരുമാനം എടുക്കാനിരിക്കെയാണ് സുപ്രീം കോടതി വിധിയുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഡ്വക്കേറ്റ് ജനറലിന്‍റെ അഭിപ്രായം അറിഞ്ഞ ശേഷം വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഡല്‍ഹിക്ക് പോകുമെന്ന് അറിയിച്ചതും ഇതേ പശ്ചാത്തലത്തിലാണ്. അതേസമയം കോടതി വിധിയിലെ ചില പഴുതുകള്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസമായി. ഈ വിധി ആയുധമാക്കി സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇ.എസ്.സെഡിന്‍റെ വീതി സംബന്ധിച്ച് വ്യവസ്ഥകള്‍ നിര്‍ദ്ദേശിക്കുമ്പോഴും എല്ലാ സ്ഥലത്തും ഒരേ വീതി പാടില്ലെന്ന വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെയും ദേശീയ വന്യ ജീവി ബോര്‍ഡിന്‍റെ സ്ഥിരം സമിതിയുടെയും നിലപാട് കോടതി അംഗീകരിച്ചിട്ടുണ്ടെന്നതാണ് ആശ്വാസം.
പരിസ്ഥിതി കാര്യങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് പരമാവധി വീതി നിര്‍ദ്ദേശിക്കാമെന്ന സ്ഥിരം സമിതിയുടെ അഭിപ്രായമാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. പ്രശ്‌നത്തിന് രമ്യമായ പരിഹാരം ഉണ്ടാകുന്നില്ലെങ്കില്‍ മലയോര മേഖലകളില്‍ പടരുന്ന അസ്വസ്ഥത ഇടത് സര്‍ക്കാരിനും തലവേദന സൃഷ്‌ടിക്കും. കേരളത്തില്‍ ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളിലും സുപ്രീം കോടതി വിധി പ്രതിസന്ധി സൃഷ്‌ടിക്കും.