തിരുവനന്തപുരം: അടിയന്തരമായി 50 ലക്ഷം ഡോസ് കൊവിഡ് വാക്‌സിൻ കൂടി കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധനെ ഇക്കാര്യം അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളെക്കാൾ മികച്ച രീതിയിൽ കേരളം വാക്‌സിനേഷൻ നടത്തിട്ടുണ്ട്. നിലവിൽ ഓക്സിജൻ ക്ഷാമം ഇല്ല. എന്നാൽ കൊവിഡ് കേസുകൾ വർധിച്ചാൽ ഓക്സിജൻ അധികമായി വേണ്ടി വരും. ഇക്കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തെയും പരിഗണിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി വിളിച്ച യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ ഇതുവരെ മരണ നിരക്ക് ഉയർന്നിട്ടില്ല. കൂടുതൽ സി എഫ് എൽ ടി സികൾ ഉൾപ്പടെ സജ്ജമാക്കും. രോഗികളുടെ എണ്ണം വർധിച്ചാലും അതിനെ നേരിടാൻ ആശുപത്രികൾ സജ്ജമാണ്. തൃശൂർ പൂരത്തിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ നിരോധിക്കാത്തിടത്തോളം കാലം അന്തർസംസ്ഥാന യാത്രകൾക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ സംസ്ഥാനത്തിന് ആകില്ലെന്നും കെ.കെ ശൈലജ വിശദീകരിച്ചു.