തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇലട്രോണിക് വോട്ടിങ് യന്ത്രം തന്നെ ഉപയോഗിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്‌ദീന്‍. വോട്ടിങ് യന്ത്രമാണോ ബാലറ്റ് പേപ്പറാണോ ഉപയോഗിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണ്. അവർ ഒരു ഭരണഘടനാ സ്ഥാപനമായതിനാൽ അവരുടെ അവകാശത്തിൽ കൈ കടത്താൻ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. മഞ്ഞളാംകുഴി അലിയുടെ ശ്രദ്ധ ക്ഷണിക്കലിനാണ് മന്ത്രിയുടെ മറുപടി.
2019ലെ കേന്ദ്ര വിജ്ഞാപന പ്രകാരമുള്ള തീരദേശ പരിപാലന പ്ലാൻ തയ്യാറാക്കുന്നത് എത്രയും വേഗം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ തീരദേശത്തെ 100 മീറ്റർ പരിധിയിലുള്ള കെട്ടിടങ്ങളുടെ വിവര ശേഖരണം നടത്തുന്നത് തീരവാസികളിൽ ആശങ്ക ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ടി.വി രാജേഷിന്റെ ശ്രദ്ധ ക്ഷണിക്കലിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മരട് ഫ്ലാറ്റ് വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സംസ്ഥാനത്ത് തീരദേശ പരിപാലന നിയമം ലംഘിച്ച കെട്ടിടങ്ങളുടെ പട്ടിക ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നോട്ടീസ് നൽകിയത്. ഒരു ഭാഗത്ത് പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് വീട് നിർമിച്ച് നൽകുമ്പോൾ മറുഭാഗത്ത് അത് പൊളിക്കുക എന്ന നാറാണത്ത് ഭ്രാന്തൻ നയം സർക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.